മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി രൂപ പിഴ

single-img
29 March 2018

ഐസിഐസിഐ ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ഇത്രയും തുക ഒരു കേസില്‍ പിഴ ചുമത്തുന്നത്.

ചുമതലകളില്‍ വന്ന വീഴ്ചയുടെ പേരിലാണ് നടപടിയെന്നും ഇത് ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) ആയി ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ 19.5% സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണമെന്ന കര്‍ശന നിബന്ധനയുണ്ട്.

ഐസിഐസിഐ ബാങ്ക് ഇത് പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 ലെ സെക്ഷന്‍ 47 എ(1)(സി) അനുസരിച്ച് മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകളില്‍ നിന്ന് പിഴ ചുമത്താന്‍ ആര്‍.ബി.ഐയ്ക്ക് അധികാരമുണ്ട്.
പല ബാങ്കുകളും കിട്ടാക്കടങ്ങളുടെ പേരില്‍ കനത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. പല ബാങ്കുകളുടെയും മേല്‍ കടപ്പത്രങ്ങള്‍ വില്‍ക്കാന്‍ സമ്മര്‍ദ്ദമേറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നല്‍കിയെന്ന ആരോപണത്തിന് പുറകേയാണ് ആര്‍ബിഐ നടപടി.