ഭരണഘടനാ ശില്‍പി അംബേദ്കറുടെ പേരും മാറ്റി: യോഗി സര്‍ക്കാര്‍ വിവാദത്തില്‍

single-img
29 March 2018

ഭരണഘടനാ ശില്‍പി അംബേദ്ക്കറിന്റെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡോക്ടര്‍ ബി ആര്‍ അംബേദ്കറിന് പകരം ഡോക്ടര്‍ ബിംറാവു റാംജി അംബേദ്കര്‍ എന്നു മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ കടലാസുകളിലും കോടതി രേഖകളിലും ഇതേ പേര് ഉപയോഗിക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

അംബേദ്കറിന്റെ അച്ഛന്റെ പേരാണ് റാംജി. മഹാരാഷ്ട്രയില്‍ അച്ഛന്റെ പേരു മകന്റെ പേരിന്റെ മധ്യഭാഗത്ത് ഉള്‍പ്പെടുത്തുന്ന രീതി കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ അടയാളമായ അംബേദ്കറുടെ പേര് മാറ്റാനുള്ള നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് സമാജ്വാദി പാര്‍ട്ടി പ്രതികരിച്ചു.

ബിജെപിയുടെ അംബേദ്കര്‍ വിരുദ്ധ രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. അംബേദ്കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും ബിജെപിക്ക് യാതൊരു ബഹുമാനവുമില്ല. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.

അംബേദ്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് ‘ഡോ. ഭീം റാവു റാംജി അംബേദ്കര്‍’ എന്ന പേരിലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

ഇംഗ്ലീഷില്‍ അംബേദ്കറുടെ പേരിന്റെ സ്‌പെല്ലിങ് നിലവിലേതുപോലെ ആയിരിക്കുമെങ്കിലും ഹിന്ദിയില്‍ ഉച്ചരിക്കുന്നതും ഇനിമുതല്‍ ചെറിയ വ്യത്യാസത്തോടുകൂടി ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.