അബുദാബിയുടെ വൈവിധ്യം ലോകത്തിന് മുന്നില്‍ തുറന്ന് കാണിച്ച് ‘മദര്‍ ഓഫ് ദ നേഷന്‍ ‘ഫെസ്റ്റിവല്‍

single-img
29 March 2018

അബുദാബി കോര്‍ണിഷില്‍ പ്രേത്യകമായി സജ്ജീകരിച്ച സ്ഥലത്താണ് ഫെസ്റ്റിവല്‍ നടക്കുന്നത്. അബുദാബിയുടെ വൈവിധ്യം ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്ന ഏറ്റവും വലിയ മേളയാണ് മദര്‍ ഓഫ് നേഷന്‍. യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിന്‍ മുബാറഖിനോടുള്ള ആദരസൂചകമായി നടക്കുന്ന മേള അബുദാബി വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പാണ് സംഘടിപ്പിച്ചിരിക്കുന്നത്.

അടുത്ത തലമുറക്ക് വേണ്ടി മാറ്റിവെക്കേണ്ടുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ചും പ്രകൃതിവിഭവങ്ങളെക്കുറിച്ചുമെല്ലാം മേളയിലെത്തുന്ന സന്ദര്‍ശകരെ ബോധവാന്മാരാക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പരിപാടികള്‍ മദര്‍ ഓഫ് നേഷന്റെ പ്രത്യേകതയാണ്.

ബീച്ച് ഡൈനിങ് സോണിലൂടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ ഭക്ഷണ സാധനങ്ങള്‍, രുചിച്ചു നോക്കാനും, സ്വന്തമാക്കാനുമെല്ലാം ഫെസ്റ്റിവലില്‍ അവസരം ഒരുക്കിയിട്ടുണ്ട്. അമ്മമാരുടെയും കുട്ടികളുടെയും വിനോദ വിജ്ഞാന പരിപാടികളും യുവതലമുറയ്ക്കു പ്രചോദനം പകരുന്ന പരിപാടികളും ഫെസ്റ്റിവെലിന്റെ പ്രേത്യകതകളാണ്.

കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലവും മുതിര്‍ന്നവര്‍ക്കായുള്ള ചര്‍ച്ചാ വേദിയിലുമെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന അമ്മമാരുടെ ജീവിതവും പ്രയത്‌നവും മേളയിലെ വിവിധ പരിപാടികളിലൂടെ അവതരിപ്പിക്കും.

സംഗീത നൃത്ത കലാരൂപങ്ങളും സ്റ്റേജ് മേളയും എല്ലാ ദിവസവും ഫെസ്റ്റിവലില്‍ നടക്കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് മേള. വൈകുന്നേരം നാല് മുതല്‍ പത്തു വരെ നടക്കുന്ന മൂന്നാമത് മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവല്‍മാര്‍ച്ച് 31 വരെയാണ് നടക്കുക.