മഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി

single-img
28 March 2018

മഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. കേസ് വീണ്ടും അന്വേഷിക്കാനുളള സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാമതൊരു വ്യക്തിയില്ല, നാലാമത്തെ വെടിയുണ്ടയുമില്ല. അതുകൊണ്ടു മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചു വീണ്ടും അന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദ്ര ശരണ്‍ നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പുനരന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റി പങ്കജ് ഫട്‌നാവിസ് നല്‍കിയ ഹര്‍ജിയിലായിരുന്നു മറുപടി. നാഥുറാം ഗോഡ്‌സെയുടെ തോക്കില്‍ നിന്നുതിര്‍ന്ന മൂന്നു വെടിയുണ്ടകളല്ല, മറ്റൊരാളുടെ തോക്കില്‍ നിന്നുള്ള നാലാമത്തെ വെടിയേറ്റാണു ഗാന്ധിജി മരിച്ചതെന്നാണു ഫട്‌നാവിസിന്റെ വാദം.

ഫോഴ്‌സ് 136 എന്ന ചാരസംഘടനയാണു വധത്തിനു പിന്നിലെന്നും കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ബ്രിട്ടന്‍ സ്വാധീനം ചെലുത്തിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഗാന്ധിവധം അന്വേഷിച്ച ജെ.എല്‍.കപൂര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും വിചാരണക്കോടതിയിലെ രേഖകളുമുള്‍പ്പെടെ പരിശോധിച്ചെന്നും ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

‘മഹാത്മാ ഗാന്ധിയുടെ ശരീരത്തില്‍ തുളച്ചുകയറിയ വെടിയുണ്ടകള്‍, അവ ഏതു തോക്കില്‍നിന്ന്, വധത്തിനുള്ള ഗൂഢാലോചന, അതിലേക്കു നയിച്ച പ്രത്യയശാസ്ത്രം തുടങ്ങിയവയെല്ലാം വ്യക്തമായിട്ടുള്ളതാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.