കോണ്‍ഗ്രസിനെ മറികടന്ന് പ്രതിപക്ഷത്തെ നയിക്കാനൊരുങ്ങി മമത ബാനര്‍ജി: ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലേക്ക്

single-img
28 March 2018

പ്രാദേശിക കൂട്ടായ്മയിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ആഹ്വാനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ വിവിധ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയവൈരം മറന്നു കൈകോര്‍ത്ത എസ്പി–ബിഎസ്പി സഖ്യത്തിന്റെ മാതൃകയില്‍ സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷ കൂട്ടായ്മകള്‍ ഉയരണമെന്ന ആഗ്രഹമാണു മമത ഏവരോടും പങ്കുവയ്ക്കുന്നത്.

‘2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റരുത്. യുപിയില്‍ അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് വലിയ കാര്യമാണ്. അവരൊരുമിച്ചാല്‍ ശക്തമാണ്. അവരെ ഞങ്ങള്‍ സഹായിക്കും’–മമത പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ.കവിത, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി തുടങ്ങിയ നേതാക്കളെയാണു മമത കണ്ടത്.

മുന്‍ ബിജെപി നേതാവ് അരുണ്‍ ഷൂരി ഉള്‍പ്പെടെ ബിജെപിയുമായി ശത്രുതയുള്ള കൂടുതല്‍ നേതാക്കളെ കാണാനും പദ്ധതിയുണ്ട്. ശിവസേനയെ ആദരിക്കുന്നുവെന്നായിരുന്നു സഞ്ജയ് റാവത്തിനെ കണ്ടശേഷം മമതയുടെ പ്രതികരണം. മമതയുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ശിവസേനയും രംഗത്തെത്തി.

‘നമ്മുടെ പ്രധാനമന്ത്രി പാക്കിസ്ഥാനിലെത്തി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ചു. മമത ഇന്ത്യക്കാരിയാണ്, മുഖ്യമന്ത്രിയാണ്. മുന്‍പ് എന്‍ഡിഎയിലെ പ്രധാന കക്ഷിയായിരുന്നു അവര്‍’–ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. സാങ്കേതികമായി എന്‍ഡിഎ സഖ്യത്തില്‍ തുടരുന്നെങ്കിലും ഇപ്പോള്‍ ബിജെപിയുടെ പ്രഖ്യാപിത ശത്രുവാണു ശിവസേന.

മമത ബാനര്‍ജിയുടെ സന്ദര്‍ശത്തിനു പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയ്ക്കു പ്രത്യേക പദവി എന്ന ആവശ്യം നേടിയെടുക്കാനാണു ചന്ദ്രബാബു നായിഡുവിന്റെ വരവ്. ബുധനാഴ്ച സംസ്ഥാനത്തു നടന്ന സര്‍വകക്ഷി യോഗത്തിലാണു ഡല്‍ഹിയാത്ര തീരുമാനിച്ചത്.

ആന്ധ്രയ്ക്കു പ്രത്യേക പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുമായുള്ള ദീര്‍ഘകാല ബന്ധം ഉപേക്ഷിച്ച ശേഷം നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) നിര്‍ണായക നീക്കമാണിത്. ഏപ്രില്‍ രണ്ടിനോ മൂന്നിനോ യാത്ര നടത്താനാണു പദ്ധതി.

ഡല്‍ഹിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും കണ്ടു ചര്‍ച്ച നടത്തും. കേന്ദ്രസര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയ നോട്ടിസും നല്‍കിയിട്ടുണ്ട്. കാവേരി വിഷയത്തെച്ചൊല്ലി അണ്ണാ ഡിഎംകെ എംപിമാര്‍ സഭയില്‍ ബഹളം തുടരുന്നതിനാല്‍ രണ്ടാഴ്ചയില്‍ അധികമായിട്ടും അവിശ്വാസം പരിഗണിക്കാനായിട്ടില്ല.