തുടര്‍ച്ചയായി 17ാം ദിവസവും ‘ബഹള നാടകം’; ലോക്‌സഭ ഏപ്രില്‍ രണ്ടുവരെ പിരിഞ്ഞു

single-img
28 March 2018

പ്രതിപക്ഷ ബഹളം മൂലം തുടര്‍ച്ചയായി 17ാം ദിവസവും ലോക്‌സഭ പിരിഞ്ഞു. ഏപ്രില്‍ രണ്ടുവരെയാണ് സഭ പിരിഞ്ഞത്. രാവിലെ സഭ തുടങ്ങിയതു മുതല്‍ തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ എം.പിമാര്‍ ബഹളം ആരംഭിച്ചു. കവേരി മാനേജ്‌മെന്റ് ബോര്‍ഡ് വിഷയത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.

പ്രതിപക്ഷത്തിലെ മറ്റ് അംഗങ്ങളെപ്പോലും സംസാരിക്കാന്‍ അനുവദിക്കാത്ത വിധം അണ്ണാഡിഎംകെ അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചിരുന്നു. ഇനിയും ബഹളം തുടര്‍ന്നാല്‍ ഒരുപക്ഷേ സഭ അനിശ്ചിത കാലത്തേക്കു പിരിച്ചു വിടുമെന്നു പറഞ്ഞാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ ഉച്ചവരെ നിര്‍ത്തിവച്ചത്.

12നു വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതോടെ പിരിച്ചുവിടുകയായിരുന്നു. 11 മണിക്കു ചോദ്യോത്തര വേള ആരംഭിച്ചയുടനെ അണ്ണാഡിഎംകെ അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. അതിനിടെ മറ്റു പ്രതിപക്ഷാംഗങ്ങളുടെ ശബ്ദവവും ഈ ബഹളത്തില്‍ മുങ്ങിപ്പോയി.

പ്രതിഷേധക്കാര്‍ സഭയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണെന്ന് സ്പീക്കര്‍ പറഞ്ഞിട്ടും ഫലമുണ്ടായില്ല. അതിനിടെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു സംസാരിക്കാന്‍ അനുവാദം നല്‍കണമെന്ന മറ്റ് എംപിമാരുടെ ആവശ്യവും പരിഗണിക്കാനായില്ല. ടിഡിപി അംഗങ്ങളാകട്ടെ തങ്ങളുടെ സീറ്റിനരികില്‍ത്തന്നെ നീളന്‍ ബാനറുമായി നിന്നാണ് പ്രതിഷേധിച്ചത്.