ഐഡിബിഐ ബാങ്കില്‍ 772 കോടിയുടെ വായ്പാ തട്ടിപ്പ്

single-img
28 March 2018

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കില്‍നിന്ന് 772 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് ശാഖകളില്‍നിന്നാണ് തട്ടിപ്പുകള്‍ നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. 2009-2013 കാലത്താണ് തട്ടിപ്പ് നടന്നത്.

മത്സ്യകൃഷിക്കെന്ന പേരില്‍ ഇല്ലാത്ത മത്സ്യക്കുളങ്ങളുടെ വ്യാജ രേഖകള്‍ ഹാജരാക്കിയും ഈടായി നല്‍കിയ വസ്തുവിന് ഉയര്‍ന്ന മൂല്യം കാട്ടിയുമായിരുന്നു തട്ടിപ്പ്. ബാങ്കിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ഇതില്‍ ഒരാള്‍ വിരമിക്കുകയും മറ്റെയാളെ ബാങ്ക് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 3.5 ശതമാനം ഇടിവുണ്ടായി.