അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടുന്നത് ഹൈക്കോടതി തടഞ്ഞു

single-img
28 March 2018

കൊച്ചി: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം തത്കാലം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാണ് സ്ഥാപനങ്ങളുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നുമാസ്ത്തിനകം എതിര്‍സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നല്‍കിയത്. ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളുകള്‍ പൂട്ടുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും നിയമസഭയില്‍ പറഞ്ഞിരുന്നു.

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരമായിരുന്നു നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും നിര്‍ദ്ദേശിച്ചിരുന്നു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. മൂന്ന് ഏക്കര്‍ സ്ഥലം, കഴിഞ്ഞ അഞ്ച് വര്‍ഷമായി ശരാശരി 300 കുട്ടികള്‍, സ്ഥിരം കെട്ടിടം, യോഗ്യതയുള്ള അദ്ധ്യാപകര്‍ എന്നിവയായിരുന്നു മാനദണ്ഡം. അംഗീകാരമില്ലാത്ത ഏകദേശം 3400 സ്‌കൂളുകള്‍ അപേക്ഷിച്ചതില്‍ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നല്‍കിയിരുന്നു.