യോഗി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ യുപിയില്‍ നടന്നത് 1400ലധികം പൊലീസ് ഏറ്റുമുട്ടലുകള്‍: കൊന്നൊടുക്കിയവരില്‍ നിരപരാധികളെന്നും ഞെട്ടിക്കുന്ന കണക്കുകള്‍

single-img
27 March 2018

ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കണ്ടെത്തിയ വഴിയാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. യോഗി ആദിത്യനാഥ് അധികാരമേറ്റശേഷം ഉത്തര്‍ പ്രദേശില്‍ നടന്നത് ആയിരത്തിനാനൂറിലധികം പൊലീസ് ഏറ്റുമുട്ടലുകളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഔദ്യോഗിക കണക്ക് പ്രകാരം പത്ത് മാസത്തിനിടെ 1142 പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 34 കുറ്റവാളികളും 4 പൊലീസുകാരും കൊല്ലപ്പെട്ടു. 2744 ക്രിമിനലുകള്‍ പൊലീസിന് കീഴടങ്ങി. ഈ കണക്കുകളുടെ വാസ്തവം അന്വേഷിച്ചപ്പോഴാണ് ക്രിമനല്‍വേട്ടയുടെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെയും മെഡലുകള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കുമായി കൊലപാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയതിന്റെയും നടുക്കുന്ന കഥകള്‍ പുറത്തായത്.

പവന്റെ സഹോദരന്‍ സുമിത്തിനെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് മോഷണക്കേസില്‍ പ്രതിയായ മറ്റൊരു സുമിത്താണെന്ന് തെറ്റിദ്ധരിച്ച്. ഈ ഏറ്റുമുട്ടലുകള്‍ ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും മുസ്‌ലിങ്ങളും ദലിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

നേരത്തെ ഉത്തര്‍പ്രദേശിലെ പൊലീസ് ഏറ്റുമുട്ടലില്‍ ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ് അയച്ചിരുന്നു.