അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് വിഡ്ഢിത്തമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

single-img
27 March 2018

ന്യൂഡല്‍ഹി: ആധാര്‍ വിവാദവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. മന്ത്രിയുടെ പ്രസ്താവന വിഡ്ഢിത്തമാണെന്ന് പറഞ്ഞ സ്വാമി ഈ വിഷയത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.

ആധാര്‍ വിവരങ്ങള്‍ ചോരുമ്പോള്‍ മാത്രമേ പ്രശ്‌നമുള്ളൂവെന്നും യു.എസ് വിസക്കായി പത്തുപേജുള്ള ഫോം പൂരിപ്പിച്ചു നല്‍കുമ്പോള്‍ സ്വന്തം ഭാര്യക്കുപോലും അറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരനു മുമ്പില്‍ നഗ്‌നരാകാനും ഒരു മടിയുമില്ലെന്നുമുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

കണ്ണന്താനത്തിന്റെ പ്രസ്താവന

സ്വന്തം സര്‍ക്കാരിനു വിവരങ്ങള്‍ കൈമാറാന്‍ മടിക്കുന്നവര്‍ക്ക്, യുഎസ് വീസയ്ക്കായി വെള്ളക്കാരുടെ മുന്നില്‍ നഗ്‌നരായി പരിശോധനയ്ക്കു നിന്നുകൊടുക്കാനും മടിയില്ലെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടി. യുഎസ് വീസ ലഭിക്കാനായി ഞാന്‍ 10 പേജുകളാണു പൂരിപ്പിച്ച് നല്‍കിയത്.

ഇതിനായി വിരലടയാളം നല്‍കാനോ വെള്ളക്കാരന്റെ മുന്നില്‍ നഗ്‌നരാകാനോ നമുക്കൊരു മടിയുമില്ല. നിങ്ങളുടെ സ്വന്തം സര്‍ക്കാര്‍ പേരും വിവരങ്ങളും തിരക്കിയാല്‍ അതു വലിയ പ്രശ്‌നമായി. വന്‍ ജനകീയ പ്രക്ഷോഭങ്ങളുമുണ്ടാകും. ആളുകളുടെ സ്വകാര്യതയില്‍ സര്‍ക്കാര്‍ നുഴഞ്ഞുകയറുന്നുവെന്നാണു പിന്നെ പരാതി’.

കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ഡേറ്റ ചോര്‍ത്തല്‍ വിവാദം വിവിധ ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും അനുരണനങ്ങള്‍ തീര്‍ത്തതിനു പിന്നാലെയാണു സര്‍ക്കാരിനു സ്വകാര്യ വിവരങ്ങള്‍ കൈമാറാനുള്ള പൗരന്‍മാരുടെ എതിര്‍പ്പിനെ പരിഹസിച്ച് കണ്ണന്താനത്തിന്റെ രംഗപ്രവേശം.