ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി: പരസ്പര സമ്മതത്തോടെയുള്ള വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ല

single-img
27 March 2018

മിശ്രവിവാഹങ്ങള്‍ റദ്ദാക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഖാപ് പഞ്ചായത്തുകള്‍ വിവാഹം റദ്ദാക്കുന്നത് തടയാന്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരം ഇല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. മിശ്ര വിവാഹങ്ങളില്‍ ഖാപ്പ് പഞ്ചായത്തുകള്‍ ഇടപെടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് രാജ്യത്തെ പരമോന്നത കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മിശ്രവിവാഹങ്ങളില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മിലുള്ള വിവാഹത്തില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും ബെഞ്ച് വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കാന്‍ രാജ്യത്ത് കോടതികളും ന്യായാധിപന്മാരുമുണ്ടെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.