ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തന്റെ ജനനേന്ദ്രിയം മുറിച്ചത്: വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ

single-img
27 March 2018

കൊച്ചി: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ നിലപാട് മാറ്റവുമായി ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ രംഗത്ത്. ഒന്നിലധികം പേര്‍ ചേര്‍ന്നാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ പറഞ്ഞു.

ആര്‍ക്കെതിരെയും പരാതി ഇല്ലാത്തതിനാലാണ് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്. സഹായിച്ചവര്‍ പ്രത്യുപകാരം ചെയ്തതായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്നും ഗംഗേശാനന്ദ കൊച്ചിയില്‍ പറഞ്ഞു. എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു സ്വാമി ഗംഗേശാനന്ദ.

താന്‍ തെറ്റുകാരനാണോയെന്ന് ഭരണഘടന അനുസരിച്ച് കോടതിയും വിശ്വാസമനുസരിച്ച് ഈശ്വരനുമാണ് തീരുമാനിക്കേണ്ടത്. കേസിനെ കുറിച്ച് കൂടുതല്‍ ഒന്നും തന്നെ പറയുന്നില്ല. ആരോഗ്യം ശരിയായ ശേഷം പത്രസമ്മേളനം വിളിച്ച് കേസിനെ കുറിച്ച് വിശദീകരിക്കും.

ഇതിനായി മൂന്ന് പത്രസമ്മേളനം വിളിക്കും. തനിക്ക് ആരോടും പരാതിയില്ല. ആര്‍ക്കെതിരെയും കേസ് കൊടുക്കുന്നില്ല. കേസ് കൊടുത്തവര്‍ തന്നെ ആരോപണം തെളിയിക്കണം. തനിക്കെതിരെ നില്‍ക്കുന്നവര്‍ അതിശക്തരാണെന്നും ഗംഗേശാനന്ദ പറഞ്ഞു.
2017 മേയ് 20 മുതല്‍ താന്‍ ഭിന്നലിംഗക്കാരനായി മാറി.

പൊലീസുകാര്‍ എന്നെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. പിന്നീട് കൊച്ചിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സ നടത്തി. 2018 ഫെബ്രുവരി 18ന് ശസ്ത്രക്രിയ നടത്തി പൂര്‍വസ്ഥിതി കൈവരിച്ചു. ഇപ്പോള്‍ സൗഖ്യം നേടിയെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്‍പത്തിനാലുകാരന്റെ ജനനേന്ദ്രിയം മുറിച്ചത് വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു.