സ്വപ്‌നങ്ങള്‍ക്ക് പുറകെ പോകാന്‍ ജോലി രാജിവെച്ചു; മെല്‍ബണ്‍കാരി ആദ്യം ടിക്കറ്റെടുത്തത് ഇന്ത്യയിലേക്ക്

single-img
26 March 2018

മെല്‍ബണ്‍കാരിയും ലൈഫ് സ്‌റ്റൈല്‍ ബ്ലോഗറുമായ ഓബ്രെ ഡാക്വിനാഗ് ജോലി രാജിവെച്ചത് തന്റെ ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതിരിക്കാന്‍ വേണ്ടിയാണ്. ലോകം മുഴുവന്‍ ചുറ്റിക്കാണുന്നതിനായാണ് അവള്‍ ജോലി രാജിവെച്ചത്. ആ ആഗ്രഹസഫലീകരണത്തിനായി അവള്‍ ആദ്യം ടിക്കറ്റെടുത്തത് ഇന്ത്യയിലേക്കാണ്.

അഞ്ച് വര്‍ഷം മുമ്പാണ് ഡാക്വിനാഗ് ജോലി രാജിവെച്ച് സ്വപ്‌നത്തിന് പുറകെ പോയത്. ”നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഒരു ദിവസവും ജോലി ചെയ്യുന്നതായി തോന്നില്ല”, ഡാക്വിലിന്‍ പറയുന്നു. ആദ്യത്തെ ടിക്കറ്റ് ഇന്ത്യയിലേക്ക് എടുത്ത ശേഷം ഡാക്വിനാഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ലോകം മുഴുവന്‍ കറക്കത്തിലാണ് അവള്‍. അതേസമയം തന്നെ ബ്ലോഗും ലോഞ്ച് ചെയ്തു. ഇപ്പോള്‍ ആ ബ്ലോഗിലൂടെയാണ് വരുമാന മാര്‍ഗം. ഇന്ത്യ, മെക്‌സിക്കോ, യൂറോപ്പ്, കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര നടത്തി ഫോട്ടോസ് എടുത്തും, എഡിറ്റ് ചെയ്തും, യാത്രാനുഭവങ്ങള്‍ എഴുതി ബ്ലോഗില്‍ പോസ്റ്റ് ചെയ്തുമാണ് ഡാക്വിനാഗ് സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നത്.

യാത്ര മുഴുവന്‍ ഒറ്റയ്ക്കാണ്. തനിച്ചാണെന്ന ഉത്തമബോധ്യത്തിലാണ് തന്റെ ഓരോ യാത്രയുമെന്നും ഡാക്വിനാഗ് പറഞ്ഞു. യാത്രകളില്‍ കൂടുതല്‍ ആളുകളെ പരിചയപ്പെടാന്‍ ഉപയോഗപ്പെടുത്തണമെന്ന് ഒറ്റയ്ക്ക് യാത്ര നടത്തുന്നവരോട് ഡാക്വിനാഗ് പറയുന്നു. ഹോസ്റ്റലുകളിലോ ഗസ്റ്റ് ഹൗസുകളിലോ താമസം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

മുന്തിയ ഹോട്ടലുകളിലാണെങ്കില്‍ സ്വകാര്യത ലഭിക്കുമെന്ന് മാത്രം. ഓരോ നാട്ടിലെത്തുമ്പോഴും ആ നാട്ടിലെ ഭാഷ പഠിക്കാന്‍ ശ്രമിക്കണമെന്നും ഡാക്വിനാഗ് പറയുന്നു. സെല്‍ഫികള്‍ കഴിവതും ഒഴിവാക്കണം. സെല്‍ഫ് പോര്‍ട്രെയ്റ്റുകള്‍ എടുക്കാന്‍ ശ്രമിക്കണമെന്നുമാണ് ഡാക്വിനാഗിന്റെ നിര്‍ദേശം. വണ്ടര്‍ ലവ് എന്ന പേരില്‍ യാത്രാനുഭവങ്ങള്‍ കോര്‍ത്തിണക്കി പുസ്തകവും എഴുതിയിട്ടുണ്ട് ഡാക്വിനാഗ്.