ഭഗത് സിംഗിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം;ഭഗത് സിംഗിനെ തൂക്കിലേറ്റിയതിന് ബ്രിട്ടീഷ് രാജ്ഞി ക്ഷമാപണം നടത്തണമെന്ന് ആവശ്യം

single-img
25 March 2018


ലാഹോര്‍: ഭഗത് സിംഗിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. ഭഗത് സിംഗിന്റെ 87-ാം രക്തസാക്ഷി ദിനത്തിലാണ് സംഘടനകള്‍ അദ്ദേഹത്തെ പാക്കിസ്ഥാന്റെ ദേശീയ നായകനായി ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 1931 മാര്‍ച്ച് 23ന് ലാഹോറില്‍ വച്ചാണ് രാജ്ഗുരുവിനും സുഖ്‌ദേവിനും ഒപ്പം 23കാരനായ ഭഗത് സിംഗിനെ തൂക്കിലേറ്റിയത്.

ഭഗത് സിഗ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ (ബിഎസ്എംഎഫ്), ഭഗത് സിഗ് ഫൗണ്ടേഷന്‍ പാക്കിസ്ഥാന്‍ (ബിഎസ്എഫ്പി) എന്നീ സംഘടനകള്‍ ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഷാദ്മാന്‍ ചൗക്കില്‍ പരിപാടി സംഘടിപ്പിച്ചു. മൂന്ന് രക്തസാക്ഷികള്‍ക്കും ചടങ്ങില്‍ ആദരമര്‍പ്പിച്ചു.
ഭഗത് സിംഗിന്റെ ചില ബന്ധുക്കളും ടെലിഫോണ്‍ വഴി സംവദിച്ചു.മൂന്ന് സ്വാതന്ത്ര്യസമര സേനാനികളേയും തൂക്കിലേറ്റിയതിന് ബ്രിട്ടീഷ് രാജ്ഞി ക്ഷമാപണം നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.തീവ്ര വിഭാഗക്കാരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്.

ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയത്. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞു.