ബിജെപിക്ക് മുന്നറിയിപ്പുമായി മമത;രാമനവമിക്ക് എതിരല്ല പക്ഷേ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ കൈയ്യുംകെട്ടി നോക്കിയിരിക്കില്ല

single-img
25 March 2018

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടാല്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബിജെപിക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്. വിദ്വേഷം പരത്തുന്ന പ്രകടനങ്ങളെ അനുവദിക്കില്ല. തെമ്മാടിത്തരങ്ങള്‍ വെറുതെ വിടുകയുമില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരിക്കും രാമനവമിക്ക് എതിരല്ല പക്ഷേ ആഘോഷങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും ആഘോഷത്തിന്റെ മറവില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാനം സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും മമത ആഹ്വാനം ചെയ്തു.

ബിജെപി ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തിലാണു റാലി നടത്തുന്നത്. പരമ്പരാഗത ഇന്ത്യന്‍ ആയുധങ്ങളുമേന്തിയായിരിക്കും റാലിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ മാത്രം ആറ് റാലികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.