‘ഇങ്ങനെയൊക്കെ തള്ളാമോ സിദ്ദീഖേ…’: ടി സിദ്ദീഖിന്റെ ബഡായി പൊളിച്ചടുക്കി ഡിസിസി പ്രസിഡന്റുമാര്‍

single-img
22 March 2018

മാര്‍ച്ച് 20ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത് ഇങ്ങനെ:

കോഴിക്കോട് ഡി സി സിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും വളരെ ക്രിയാത്മകമായ അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കുവാനും അവസരം നല്‍കിയ ശ്രീ രാഹുല്‍ ഗാന്ധിക്കും ഞാന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന എന്റെ പ്രസ്ഥാനത്തിനും നന്ദി.

ഏറ്റവും മികച്ച രീതിയില്‍ കുടുംബ സംഗമങ്ങളും, പാര്‍ട്ടിയുടെ നയപരിപാടികളും നടപ്പാക്കിയതിന് ശ്രീ രാഹുല്‍ഗാന്ധിയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങാന്‍ സാധിച്ചു. എന്നെ ഈ അഗീകാരത്തിനു അര്‍ഹനാക്കുവാന്‍ സഹായിച്ച എന്നോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന കേരളത്തിലെ വിശിഷ്യാ കോഴിക്കോടിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.

കേരളത്തില്‍ നടന്ന ഇന്ദിരഗാന്ധി കുടുംബ സംഗമങ്ങളെ പറ്റി വളരെ വിശദമായ വിവരങ്ങള്‍ രാഹുല്‍ജി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തില്‍ പലപ്പോഴും അത് വ്യക്തമായിരുന്നു. ഇന്ദിരാഗാന്ധി കുടുംബസംഗമം ഒരു വന്‍വിജയമാക്കി തീര്‍ത്ത കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഈ അംഗീകാരം ഞാന്‍ സമര്‍പ്പിക്കുന്നു.

സിദ്ധീഖ് പറഞ്ഞത് സത്യമാണോ നുണയാണോ എന്നൊന്നും ആരും അന്വേഷിച്ചില്ല. പിന്നെ കണ്ടത് ട്രോളുകളുടെ പൊങ്കാലയാണ്. ഇങ്ങനെയും ബഡായി അടിക്കാമോ എന്നാണ് പലരും ചോദിക്കുന്നത്. ടി.സിദ്ദിഖിനെ ട്രോളി മറ്റ് ഡി.സി.സി പ്രസിഡന്റുമാരും രംഗത്തുവന്നു.

കാറ്റിന്റെ വേഗതയില്‍ കടന്നുപോയ രാഹുല്‍ഗാന്ധി ടി.സിദ്ദിഖിനെ മാത്രം എങ്ങനെ അഭിനന്ദിച്ചെന്നും ഞങ്ങളാരും കണ്ടില്ലെന്നുമായിരുന്നു മറ്റ് ഡി.സി.സി പ്രസിഡന്റുമാരുടെ പ്രതികരണം. ടി.സിദ്ദിഖിന്റെ വ്യാജ പ്രചരണത്തിനെതിരെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അവര്‍.

സോണിയാ ഗാന്ധിയുടെ വീടിന് മുന്നില്‍ തീര്‍ത്ത ബാരിക്കേഡില്‍ കാത്തു നിന്ന സമ്മേളന പ്രതിനിധികളില്‍ ഒരാള്‍ മാത്രമായിരുന്നു സിദ്ദീഖെന്നും, പതിനഞ്ച് സെക്കന്‍ഡ് സമയം മാത്രമേ ഒരാള്‍ക്ക് ഹസ്തദാനത്തിനായി രാഹുല്‍ ഗാന്ധി നല്‍കിയുള്ളൂവെന്നും പരാതിക്കാരായ ഡിസിസി പ്രസിഡന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് സിദ്ദിഖിന്റെ വാദം.