അമ്മയായി അഭിനയിക്കുന്നതിനേക്കാള്‍ മനോഹരമാണ് യഥാര്‍ത്ഥത്തില്‍ അമ്മയാകുന്നത്; മഹിയുടെ വിശേഷങ്ങളുമായി രേവതി
കരുത്തുറ്റ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകമനസില്‍ ഇടം നേടിയ രേവതി ഒരിടവേളയ്ക്കു ശേഷം വാര്‍ത്തകളില്‍ നിറയുന്നു. അത് പക്ഷേ പുതിയ ചിത്രത്തിന്റെ പേരിലല്ല. സ്വന്തം മകള്‍ മഹിയുടെ വിശേഷങ്ങളുമായാണ് രേവതി വാര്‍ത്തകളിലിടം നേടുന്നത്.
രേവതി സിനിമയില്‍ വിജയിച്ചെങ്കിലും ദാമ്പത്യ ജീവിതം അത്ര വിജയമായിരുന്നില്ല. ഭര്‍ത്താവ് സുരേഷ് മേനോനുമായുള്ള ബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രേവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. നാല് വര്‍ഷം മുമ്പ്. കൃത്രിമബീജധാരണത്തിലൂടെയാണ് രേവതി അമ്മയായത്.
ഒരു കുഞ്ഞിനെ ദത്തെടുക്കാനാണ് ആദ്യം രേവതി തീരുമാനിച്ചത്. എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് ദാതാവിന്റെ സഹായത്തോടെ ഐവിഎഫ് ചികിത്സയിലൂടെ കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചതെന്ന് രേവതി വ്യക്തമാക്കുന്നു. ഈ ലോകത്തേക്കുള്ള വരവിനെ അവള് എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല, എന്റെ സ്വാര്‍ത്ഥതയാണോ എന്നുമറിയില്ല.
എങ്കിലും അവളോട് സത്യം പറയും. അവള് വളരുന്നമുറയ്ക്ക് അവളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എനിക്ക് ലഭിക്കും. സ്വന്തമായൊരു കുഞ്ഞെന്നത് എന്റെ ആഗ്രഹമായിരുന്നു. വേണമെന്ന് തോന്നിയപ്പോള്‍ നടന്നില്ല. നടന്നപ്പോള്‍ ഏറെ വൈകിപ്പോയി. അമ്മയായി അഭിനയിക്കുന്നതിനേക്കാള്‍ മനോഹരമാണ് യഥാര്‍ത്ഥത്തില്‍ അമ്മയാകുന്നത്, ഒരു പുനര്ജന്മം പോലെ.
എന്റെ റോള്‍ തന്നെ മാറ്റിമറിച്ചാണ് മഹിയുടെ ജനനം. ഒരുമിച്ച് കിടന്നുറങ്ങുമ്പോള്‍ അവള് എന്നെ കെട്ടിപ്പിടിക്കും. അമ്മയെന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്ന നിമിഷമാണത്. ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്റെ പയാസങ്ങളുണ്ട്. അച്ഛനെവിടെയെന്ന അവളുടെ കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഡാഡി താത്ത ഉണ്ടെന്നാണ് അവളുടെ മറുപടി.
എന്റെ അച്ഛനാണ് അവളുടെ ഡാഡി താത്ത. എന്റെ മാതാപിതാക്കളും സഹോദരിയും എനിക്കൊപ്പമുണ്ട്. മഹിയെ വളര്‍ത്തുന്നതിനുള്ള പൂര്‍ണ്ണപിന്തുണ അവര്‍ നല്കുന്നു. അവര്‍ക്കെല്ലാം മഹി മകളെപ്പോലെയാണെന്നു രേവതി പറയുന്നു.
കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം ചോദിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. മകളെ ഒരിക്കലും ജഡ്ജ് ചെയ്യാത്ത അമ്മയായിരിക്കും താനെന്നും രേവതി കൂട്ടിച്ചേര്‍ക്കുന്നു. അഴക് എന്ന തമിഴ് പരമ്പരയില്‍ അഭിനയിക്കുന്ന രേവതി വര്‍ഷങ്ങളായി ചെന്നൈയിലാണ് താമസം.