ബി.ജെ.പി സര്‍ക്കാരിനെതിരെ സമരം നയിച്ച് പ്രധാനമന്ത്രിയുടെ സഹോദരന്‍

single-img
1 March 2018


അഹമ്മദാബാദ്: റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുന്നയിച്ച് ഗുജറാത്തില്‍ സര്‍ക്കാരിനെതിരെ ഇന്ന് തുടങ്ങുന്ന സമരം നയിക്കുന്നത് നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ളാദ് മോദി. റേഷന്‍ കടയുടമകള്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കൂട്ടണമെന്നതാണ് പ്രധാന ആവശ്യം. പ്രഹ്ളാദ് മോദി പ്രസിഡന്‍റായ ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്സ് അസോസിയേഷനാണ് സമരം നടത്തുന്നത്.

കേരളം, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഗോവ എന്നീ സംസ്ഥാനങ്ങളിലുള്ളത് പോലെ കമ്മീഷന്‍ നല്‍കണമെന്നാണ് ആവശ്യം. നിലവില്‍ ക്വിന്‍റലിന് 85 രൂപയാണ് ഗുജറാത്തില്‍ റേഷല്‍ കട ഉടമകള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നത്. കേരളത്തില്‍ 220 രൂപ, രാജസ്ഥാനിലും ഡല്‍ഹിയിലും 200 രൂപ, ഗോവയില്‍ 230 രൂപ, മഹാരാഷ്ട്രയില്‍ 150 രൂപ എന്നിങ്ങനെയാണ് കമ്മീഷന്‍ നിരക്ക്. ഫെബ്രുവരി 28 ന് മുമ്പ് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് പ്രഹ്ളാദ് മോദിയും സംഘടനയും ആവശ്യപ്പെട്ടത്. അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങുമെന്ന മുന്നറിയിപ്പും സര്‍ക്കാരിന് നല്‍കിയിരുന്നു.

അന്നപൂര്‍ണ യോജന പദ്ധതിക്കായി കടകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റുവെയറുകളില്‍ തകരാര്‍ ഉണ്ടെന്നും ഇത് മാറ്റണമെന്നും അസോസിയേഷന്‍ ആവശ്യമുന്നയിക്കുന്നു. കൂടാതെ, പ്രധാനമന്ത്രി ഉജ്വല യോജനക്ക് കീഴില്‍ ഫെയര്‍ പ്രൈസ് ഷോപ്പുകള്‍ വഴി ഗ്യാസ് സിലിണ്ടറുകള്‍ വില്‍ക്കാന്‍ അനുവദിക്കുക, കടയുടമകളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നു. മണ്ണെണ്ണയുടെ ഉപയോഗം കുറക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയം കാരണം റേഷന്‍ കട ഉടമകളുടെ വരുമാനം കുറഞ്ഞതായും പ്രഹ്ളാദ് മോദി ആരോപിച്ചിരുന്നു.