ബാങ്ക് തട്ടിപ്പ് കേസുകള്‍ അവസാനിക്കുന്നില്ല; ഇത്തവണ പരാതിയുമായി കാനറ ബാങ്ക്

single-img
1 March 2018


ന്യൂഡല്‍ഹി:രാജ്യത്ത് ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് തട്ടിപ്പു നടത്തുന്ന കേസുകളുടെ കണ്ണിയില്‍ പുതിയൊരെണ്ണം കൂടി. ഇത്തവണ കാനറ ബാങ്കാണ് തട്ടിപ്പിനിരയായതായി കാണിച്ച് സി.ബി.ഐയ്ക്ക് പരാതി നല്‍കിയത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍.പി. ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനം 515.15 കോടി രൂപ തട്ടിച്ചു എന്നതാണ് പരാതി. കമ്പനിയുടെ ഡയറക്ടര്‍മാരായ ശിവജി പഞ്ജ, കൗസ്തുവ് റോയ്, വിനയ് ബഫ്ന, ഫിനാന്‍സ് വൈസ് പ്രസിഡന്‍റായ ഡെബ് നാഥ് പാല്‍ എന്നിവര്‍ ചേര്‍ന്ന് കബളിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. ശിവജി പഞ്ജക്കെതിരെ മുമ്പും തട്ടിപ്പ് കേസുകള്‍ വന്നിട്ടുണ്ട്.

കാനറ ബാങ്ക് കൂടാതെ ഒമ്പത് ബാങ്കുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന കണ്‍സോഷ്യത്തെയാണ് പ്രതികള്‍ വഞ്ചിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നതായും വ്യാജരേഖകളും കത്തുകളുമാണ് വായ്പ സംഘടിപ്പിച്ചാല്‍ സമര്‍പ്പിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഫെബ്രുവരി 26നാണ് സി.ബി.ഐയ്ക്ക് പരാതി നല്‍കിയത്. 2012 മുതലാണ് ഈ തട്ടിപ്പ് ആരംഭിച്ചതെന്നാണ് വിവരം. കാനറ ബാങ്കിനെക്കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് കണ്‍സോഷ്യത്തില്‍ ഉള്ളത്. പരാതി നല്‍കാന്‍ മറ്റു ബാങ്കുകള്‍ കാനറ ബാങ്കിനെ ചുമതലപ്പെടുത്തുകയായിരുന്നു.