പ്രതിഫലം മുഴുവന്‍ നല്‍കിയതാണ്; ഗൗതമിക്ക് കമലിന്റെ മറുപടി

single-img
28 February 2018


രാഷ്ട്രീയ പ്രവേശനവും പുതിയ പാര്‍ട്ടിയും പ്രഖ്യാപിച്ച സമയത്തായിരുന്നു കമല്‍ഹാസനെതിരെ ഗൗതമി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. കമലില്‍ നിന്ന് സാമ്പത്തികമായി തനിക്ക് മോശം അനുഭവം ഉണ്ടായെന്നായിരുന്നു ഗൗതമിയുടെ വെളിപ്പെടുത്തലില്‍ പ്രധാനം.

ദശാവതാരം, വിശ്വരൂപം എന്നീ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ച തനിക്ക് പ്രതിഫലം തന്നു തീര്‍ത്തിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. ഇതിനെതിരെ കമലിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഫിലിംസ് രംഗത്തെത്തി.

ദശാവതാരം, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി കോസ്റ്റ്യൂ ഡിസൈന്‍ ചെയ്തതിന് ഗൗതമിക്ക് പ്രതിഫലം മുഴുവന്‍ നല്‍കിയതാണെന്നാണ് രാജ് കമല്‍ ഫിലിംസ് അവകാശപ്പെടുന്നത്. ഇനി എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ അത് രേഖാമൂലം വ്യക്തമാക്കണം.

അങ്ങനെ അറിയിച്ചാല്‍ അത് നല്‍കാന്‍ കമ്പനി തയ്യാറാണ്. കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച വേളയില്‍ തന്നെ ഗുരുതര ആരോപണങ്ങളുമായി ഗൗതമി രംഗത്തെത്തിയത് ആശ്ചര്യമാണെന്നും രാജ് കമല്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു.