ബൈച്ചുംഗ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

single-img
26 February 2018

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണ്. രാജ്യത്തെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഇനി പ്രവര്‍ത്തിക്കുകയില്ലെന്നും ട്വിറ്ററിലൂടെ ബൂട്ടിയ പറഞ്ഞു.

2013ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന താരം 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിംഗില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016ല്‍ സിലിഗുഡി മണ്ഡലത്തില്‍ മത്സരിച്ച ബൂട്ടിയ സിപിഎമ്മിലെ അശോക് ഭട്ടാചാര്യയോട് 14072 വോട്ടിന് തോല്‍ക്കുകയായിരുന്നു.

2011ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബൂട്ടിയ നോര്‍ത്ത് ബംഗാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തലവനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടിയാണ് ബൂട്ടിയ കൂടുതലും പന്തുതട്ടിയത്.