ശ്രീദേവി അന്തരിച്ചു

single-img
25 February 2018


ദുബായ്: രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായിക ശ്രീദേവി യാത്രയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി ദുബായില്‍ വച്ചായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനും ഇളയ മകള്‍ ഖുഷിയ്ക്കുമൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവി. ബോണി കപൂറിന്‍െറ സഹോദരന്‍ സഞ്ജയ് കപൂര്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. സിനിമ തിരക്കുകള്‍ കാരണം ദുബായില്‍ പോകാന്‍ കഴിയാതിരുന്ന മൂത്ത മകള്‍ ജാന്‍വി മുംബൈയിലാണുള്ളത്. മൃതദേഹം ഉടന്‍ മുംബൈയിലെ വീട്ടിലെത്തിക്കും. ആദരാഞ്ജലികളര്‍പ്പിക്കാന്‍ ഇതിനകം വലിയ ജനക്കൂട്ടമാണ് വീട്ടില്‍ എത്തിച്ചേരുന്നത്.

ബോളിവുഡിലെ സിനിമയിലെ ആദ്യ വനിത സൂപ്പര്‍സ്റ്റാര്‍ ആയി കണക്കാക്കപ്പെടുന്ന അഭിനയപ്രതിഭയാണ് ശ്രീദേവി.ഹിന്ദി കൂടാതെ തമിഴ്, മലയാളം, തെലുങ്ക്,കന്നഡ സിനിമകളിലും മിന്നിത്തിളങ്ങിയ ശ്രീദേവി ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടിയായാണ് കണക്കാക്കപ്പെടുന്നത്. 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയെ ആദരിച്ചു. അതേ വര്‍ഷം സി.എന്‍.എന്‍ -ഐ.ബി.എന്‍ നടത്തിയ ദേശീയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ സിനിമയിലെ 100 വര്‍ഷത്തിലെ ഇതിഹാസ നായിക ആയി തെരഞ്ഞെടുക്കപ്പെട്ടതും ശ്രീദേവിയാണ്.

നാലാം വയസ്സില്‍ അഭിനയം തുടങ്ങിയ താരത്തിന്‍െറ യഥാര്‍ഥ പേര് ശ്രീ അമ്മ യംഗര്‍ അയ്യപ്പന്‍ എന്നാണ്. 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ജനിച്ചത്. പിതാവ് തമിഴ്നാട്ടുകാരനായ അയ്യപ്പന്‍. മാതാവ് ആന്ധ്ര സ്വദേശിയായ രാജേശ്വരി.

എം.എ തിരുമുഗം സംവിധാനം ചെയ്ത ‘തുണൈവന്‍’ എന്ന തമിഴ് സിനിമയില്‍ മുരുഗ ഭഗവാന്‍െറ വേഷമിട്ടുകൊണ്ടായിരുന്നു നാലാം വയസിലെ അരങ്ങേറ്റം. 1975 ല്‍ ജൂലി എന്ന ചിത്രത്തിലൂടെ ബാലതാരമായി ബോളിവുഡിലും അരങ്ങേറി. തൊട്ടടുത്ത വര്‍ഷം 13ാം വയസില്‍ മൂട്രു മുടിച് എന്ന തമിഴ് സിനിമയിലൂടെ രജനികാന്തിന്‍െറ പ്രണയിനിയായി നായിക പദവിയിലെത്തി. പിന്നീടങ്ങോട്ട് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ താരത്തെ തേടിയെത്തി. 1978ല്‍ സോല്‍വ സവാന്‍ ആയിരുന്നു നായികയായുള്ള ആദ്യ ബോളിവുഡ് ചിത്രം. സൂപ്പര്‍ഹിറ്റുകളുടെ നിര തന്നെ കരിയറില്‍ നിറഞ്ഞു. 1996ല്‍ ബോണി കപൂറുമായുള്ള വിവാഹ ശേഷം 15 വര്‍ഷങ്ങള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്ന ശ്രീദേവി 2012 ല്‍ ഇംഗ്ളീഷ് വിംഗ്ളീഷ് എന്ന ഹിന്ദി ചിത്രത്തിലൂടെ തിരിച്ചുവന്ന് വീണ്ടും ആരാധകരെ വിസ്മയിപ്പിച്ചു.