ദു:ഖത്തിലാഴ്ത്തുന്ന വാര്‍ത്തയെന്ന് പ്രധാനമന്ത്രി: ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമെന്ന് മുഖ്യമന്ത്രി: ശ്രീദേവിക്ക് അനുശോചന പ്രവാഹം

single-img
25 February 2018

മുംബൈ: യുഎഇയിലെ റാസല്‍ ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടേക്ക് രാവിലെ മുതല്‍ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ഇവിടേക്കാവും മൃതദേഹം കൊണ്ടുവരിക. എന്നാല്‍ സംസ്‌കാര ചടങ്ങുകളേക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല.
അതേസമയം ശ്രീദേവിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. വിസ്മരിക്കാനാവാത്ത വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സിനിമാരംഗത്ത് ഏറെ അനുഭവസമ്പത്തുള്ള താരമാണ് ശ്രീദേവി.

അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ശ്രീദേവിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

മൂന്‍ട്രാം പിറൈ, ലംഹേ. ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെ ശ്രീദേവിയുടെ പ്രകടനം ഏറെ പ്രചോദനപരമാണ്. ശ്രീദേവിയുടെ കടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീദേവിയുടെ വിയോഗവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. ആരാധകരുടെ മനസ്സില്‍ ശ്രീദേവി എന്നും ജീവിക്കുമെന്നും ശശി തരൂര്‍ ട്വിറ്ററിലെഴുതി. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതിനിടെ യുഎഇയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശ്രീദേവി മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 11.30നായിരുന്നു മരണം.