വിവാഹചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു; ആശുപത്രിയിലെത്തും മുന്‍പേ മരണം: പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് സിനിമാലോകം

single-img
25 February 2018

ഇന്ത്യയുടെ മനം കവര്‍ന്ന ഇതിഹാസതാരം ശ്രീദേവിയുടെ മരണം അക്ഷരംപ്രതി സിനിമാലോകത്തെ ഉലച്ചുകളഞ്ഞു. ഇന്ത്യന്‍ സിനിമാലോകത്തെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരമാണ് അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞത്.

ബോളിവുഡ് നടനും തന്റെ ബന്ധുവുമായ മര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഭര്‍ത്താവ് ബോണി കപൂറിനും ഇളയമകള്‍ ഖുഷിക്കുമൊപ്പം വ്യാഴാഴ്ച്ചയാണ് ശ്രീദേവി യുഎഇയിലെത്തിയത്. ബോണി കപൂറിന്റെ സഹോദരിയുടെ മകനാണ് മോഹിത് മര്‍വ.

ദുബായില്‍ തങ്ങിയിരുന്ന ഇവര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാനായി റാസ് അല്‍ ഖൈമയിലെത്തുകയായിരുന്നു. ആദ്യചിത്രമായ ധടകിന്റെ ചിത്രീകരണതിരക്കിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ വിവാഹചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല.

ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുത്ത വിവാഹസത്കാരചടങ്ങുകളില്‍ ആദ്യാവസാനം സജീവമായി തന്നെ ശ്രീദേവിയുണ്ടയിരുന്നു. വിവാഹചടങ്ങില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രീദേവി പങ്കുവച്ചു. സത്കാരചടങ്ങുകള്‍ നടക്കുന്ന റാസ് അല്‍ ഖൈമയിലെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലില്‍ നിന്ന് ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് ശ്രീദേവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടനെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലിന് തൊട്ടടുത്തുള്ള ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് അവരെ എത്തിച്ചുവെങ്കിലും അതിനോടകം മരണം സംഭവിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. രാത്രി പതിനൊന്നരയോടെ ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ ആണ് ശ്രീദേവിയുടെ മരണം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുന്നത്.

1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മലയാളത്തിലെത്തി.

അതില്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1976ല്‍ പതിമൂന്നാം വയസ്സില്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ടത്.

2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2017 ല്‍ പുറത്തിറങ്ങിയ മോം ആണ് അവസാനചിത്രം. മക്കള്‍: ജാഹ്നവി, ഖുഷി. മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കള്‍, മൂന്നാം പിറ, മിസ്റ്റര്‍ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, സത്യവാന്‍ സാവിത്രി, ദേവരാഗം ഉള്‍പ്പെടെ 26 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.