ശ്രീദേവിയുടെ മരണത്തിനു കാരണം സാന്ദര്യവര്‍ധക ശസ്ത്രക്രിയകളോ ?

single-img
25 February 2018

ഇന്ത്യന്‍ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി. തമിഴില്‍ തുടങ്ങി ബോളിവുഡിന്റെ താരറാണിയായതുവരെയുള്ള ശ്രീദേവിയുടെ സിനിമ യാത്ര അത്രത്തോളം വലുതാണ്. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും ശ്രീദേവിയെ അതേ സ്വപ്നസുന്ദരിയായി തന്നെ സിനിമാ ലോകം കണ്ടു.

ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ബോളിവുഡും ഇന്ത്യയും ഇനിയും മുക്തരായിട്ടില്ല. അതിനിടെ ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് സമൂഹമാധ്യമങ്ങളും ആരാധകരും. മകളായ ജാന്‍വിയുടെ ആദ്യ ചിത്രമെത്താന്‍ പോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ അടുത്തിടെ ചുണ്ടില്‍ വരുത്തിയ മാറ്റം വരെ ശ്രീദേവിയുടെ മരണത്തിലേക്കു നയിച്ച കാരണമായി പലരും പറയുന്നുണ്ട്.

ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്നാണ് പലരുടെയും അഭിപ്രായം. ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.

കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെയെന്നുമാണ് ചിലര്‍ വ്യക്തമാക്കുന്നത്. അമ്പത്തിനാലു വയസേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു.

സമൂഹം അതാണ് ആവശ്യപ്പെട്ടതും. അത് അവര്‍ക്കു നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. ഇക്കാര്യം പരമമായ സത്യമാണ്. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.’ സിനിമയിലെ ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി ആരോഗ്യകാരത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും നടി അടുത്തിടെ നല്‍കിയ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു.


മരണമറിയും മുമ്പെ ബച്ചന്റെ ട്വീറ്റ്:

അതേസമയം ശ്രീദേവിയുടെ മരണം മാധ്യമങ്ങള്‍ പോലും അറിയുന്നതിനു മുമ്പെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന്‍ നടത്തിയ ട്വീറ്റ് അതിനെക്കാള്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പുലര്‍ച്ചെ 1.15–ന് ബച്ചന്‍ നടത്തിയ ട്വീറ്റ് ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള സൂചനയായിരുന്നുവോ ?

”എന്തുകൊണ്ടാണെന്ന് അറിയില്ല, പക്ഷേ എനിക്കെന്തോ വല്ലാതെ തോന്നുന്നു…”എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. 11.30–നാണ് ശ്രീദേവി ഹൃദയാഘാതം മൂലം ദുബായില്‍ വച്ച് മരണമടഞ്ഞത്. ബച്ചന്‍ മരണ വിവരം അറിഞ്ഞുവോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല. പക്ഷേ ബച്ചന്റെ മനസ്സു പറഞ്ഞ ആ ദുസ്സൂചന സത്യമായി. വെറും അമ്പത്തിനാലാം വയസ്സില്‍, നിത്യയൗവനത്തിന്റെ പ്രതീകമായി മാറിയ താര സുന്ദരിയെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തു.

ശ്രീദേവിയുടെ മരണം സംഭവിച്ച് അധികം കഴിയാതെ തന്നെ ന്യൂസ് ഡെസ്‌കുകളിലേക്കു വിവരം എത്തിയിരുന്നു. ബോളിവുഡ് താരങ്ങളുടെ മരണത്തെക്കുറിച്ച് വരാറുള്ള പതിവ് വ്യാജ വാര്‍ത്തകളുടെ കൂട്ടത്തിലാണ് എല്ലാവരും അതിനെ കണ്ടത്. പക്ഷേ ട്വിറ്ററില്‍ വാര്‍ത്ത എത്തിയതോടെ ആദ്യം കാര്യമായി എടുക്കാഞ്ഞവര്‍ വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കി പ്രസിദ്ധീകരിച്ചു.