നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിത്തരിച്ച് സിനിമ ലോകം

single-img
25 February 2018

സൗന്ദര്യം കൊണ്ടും അഭിനയമികവ്‌ കൊണ്ടും ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂർവം നടിമാരേയുള്ളു. അതിൽ എന്നും ഒന്നാമത്തെയാൾ ശ്രീദേവിയാണ്. കഴിഞ്ഞ വർഷം 54ആം പിറന്നാൾ ആഘോഷിക്കുമ്പോഴും ശ്രീദേവിയെ കാത്ത് സമീപകാലത്ത് ഇത്തരമൊരു ദുർവിധി ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. ശ്രീദേവിയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്.

എണ്‍പതുകളില്‍ കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പര്യായമായിരുന്നു ശ്രീദേവി. പ്രായം അമ്പത് പിന്നിട്ടിട്ടും മുഖശ്രീയ്ക്ക് ഇന്നും മങ്ങലേറ്റിട്ടിട്ടില്ല. ഗൗരവമുള്ള വേഷങ്ങളും ഹാസ്യരസപ്രധാനമായ വേഷങ്ങളും ആക്ഷനും അനായാസം കൈകാര്യം ചെയ്ത ശ്രീദേവി ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി ഇന്നും കാത്തുസൂക്ഷിക്കുന്നു. നാലാം വയസ്സില്‍ സിനിമാ ലോകത്തെത്തിയ ശ്രീദേവി വിവിധ ഭാഷകളില്‍ വിസ്മയം തീര്‍ത്തു. മകള്‍ ജാഹ്നവിയുടെ സിനിമാ അരങ്ങേറ്റത്തിന് കാത്ത് നില്‍ക്കാതെയാണ് അപ്രതീക്ഷിത വിടപറച്ചില്‍.

1976ൽ നായികയായി അരങ്ങേറിയ ശ്രീദേവി ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ ഖാൻ ത്രയങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ ആകെ ഇതുവരെ 200 മുതൽ 250 സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എന്ന സത്യം അംഗീകരിക്കുമ്പോഴാണ് ശ്രീദേവിയുടെ സ്ഥാനം എന്താണെന്ന് മനസിലാവുക.

കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ ശ്രീദേവി അഭിനയിച്ചു. 1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി.

തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്. ‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.

1976 ൽ പതിമൂന്നാം വയസ്സിൽ, കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. 2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഈ വർഷം പുറത്തിറങ്ങാൻ ഇരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമായ സീറോയിൽ അതിഥി താരമായി ശ്രീദേവി അഭിനയിച്ചിരുന്നു. മക്കൾ: ജാഹ്നവി, ഖുഷി