ശ്രീദേവിയുടെ മരണം ബാത്ത്‌റൂമില്‍ തെന്നിവീണെന്ന് റിപ്പോര്‍ട്ട്: മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍

single-img
25 February 2018

ദുബായ്: നടി ശ്രീദേവി മരിച്ചത് ബാത്ത്‌റൂമില്‍ തെന്നിവീണാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ച് യുഎഇയിലെ പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്ത്‌റൂമില്‍ രാത്രി 11 മണിയോടെ അവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ അടുത്തുള്ള റാഷിദിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ താരത്തിന്റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഫെബ്രുവരി 22 വരെ മറ്റൊരു ഹോട്ടലില്‍ തങ്ങിയിരുന്ന ശ്രീദേവിയും കുടുംബവും മോഹിത് വര്‍മയുടെ വിവാഹത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ദുബായ് നഗരത്തിലെ ഹോട്ടലിലേക്ക് മാറിയത്.

നേരത്തെ റാസല്‍ഖൈമയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തശേഷം ദുബായിലേക്കു വരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ ദുബൈയിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ അവസാനിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് ബന്ധുക്കള്‍ കാത്തിരിക്കുന്നത്. ഇതിന് പുറമേ മൃതദേഹവുമായി ബന്ധപ്പെട്ട് മറ്റ് ചില രേഖകളും ലഭിക്കാനുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചാല്‍ ദുബായില്‍ നിന്ന് മൃതദേഹം വേഗത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ജീവനക്കാരനെ ശ്രീദേവിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഇപ്പോഴുളളത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ശ്രീദേവിയുടെ അവസാനമായി ഒരു നോക്കുകാണാന്‍ ആശുപത്രിയിലേക്ക് ഇന്ത്യന്‍ സിനിമ പ്രേമികള്‍ വന്നുകൊണ്ടിരിക്കുകയാണ്.

അതിനിടെ ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് സമൂഹമാധ്യമങ്ങളും ആരാധകരും. മൂത്തമകള്‍ ജാന്‍വിയെ താരമാക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആസ്വപ്നം പൂവണിയാനൊരുങ്ങുമ്പോഴായിരുന്നു അവരുടെ മരണമെത്തിയത്.

ജാന്‍വിയുടെ ആദ്യ സിനിമ റിലീസാകാന്‍ പോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ അടുത്തിടെ മുഖത്തും ചുണ്ടിലുമായി വരുത്തിയ മാറ്റം വരെ ശ്രീദേവിയുടെ മരണത്തിലേക്കു നയിച്ച കാരണമായി പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയെ അകാലമരണത്തിലേക്കു നയിച്ചതെന്നാണ് പലരുടെയും അഭിപ്രായം.

ബോളിവുഡിലേക്കുള്ള യാത്ര തുടങ്ങിയ അന്നു മുതല്‍ക്കേ ശ്രീദേവി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ നിരവധി പ്രാവശ്യം താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇത്തരം ശസ്ത്രക്രിയകള്‍ ശരീരത്തിനു വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് നല്‍കിയതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെയെന്നുമാണ് ചിലര്‍ വ്യക്തമാക്കുന്നത്. അമ്പത്തിനാലു വയസേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു.

സമൂഹം അതാണ് ആവശ്യപ്പെട്ടതും. അത് അവര്‍ക്കു നല്‍കിയ സമ്മര്‍ദ്ദവും ചെറുതല്ല. ശരീരഭാരം എപ്പോഴും കുറച്ചു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതയായിരുന്നു. ഇക്കാര്യം പരമമായ സത്യമാണ്. ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായി നിലനില്‍ക്കാനും അതിനേക്കാളുപരി എപ്പോഴും സുന്ദരിയായിരിക്കുകയെന്ന സ്വന്തം നിലപാട് നിലനിര്‍ത്തുന്നതിനുമായി ശ്രീദേവി ഇക്കാലയളവിനിടയില്‍ വിദേശ രാജ്യങ്ങളിലടക്കം നിരവധി ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.’ സിനിമയിലെ ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തള്ളി ആരോഗ്യകാരത്തില്‍ താന്‍ അതീവശ്രദ്ധാലുവാണെന്നും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ നാലു ദിവസം ടെന്നിസ് കളിക്കാറുണ്ടെന്നും ഫാസ്റ്റ് ഫുഡ്, മധുരവും കൊഴുപ്പും നിറഞ്ഞ ആഹാരവസ്തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കാറില്ലെന്നും നടി അടുത്തിടെ നല്‍കിയ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു.