റിപ്പബ്ളിക് ദിന പരേഡിലെ സദസില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം: പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് കേന്ദ്രം

single-img
25 February 2018


ന്യൂഡല്‍ഹി: കഴിഞ്ഞ റിപ്പബ്ളിക് ദിന പരേഡ് വീക്ഷിക്കാന്‍ സദസില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് കേന്ദ്രം. ആദ്യം അഞ്ചാം നിരയില്‍ അനുവദിച്ച ഇരിപ്പിടം പിന്നീട് ആറാം നിരയിലേക്ക് മാറ്റിയിരുന്നു. ഇത് വിവാദമാകുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രസിഡന്‍റിന് സീറ്റ് അനുവദിക്കുന്നതില്‍ പുലര്‍ത്തിവരുന്ന കീഴ്വഴക്കത്തിന് മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ദേശീയ പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയായാണ് പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് കേന്ദ്രം വിശദമാക്കിയത്. പരേഡ് കാണാന്‍ ഇരിപ്പിടം അനുവദിക്കുന്നതിന് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ട്. വിശിഷ്ട അതിഥികള്‍ക്ക് സീറ്റ് നല്‍കുന്നത് ആഭ്യന്തര മന്ത്രാലയം തയാറാക്കുന്ന പട്ടിക പ്രകാരമാണ്. എന്നാല്‍, ഈ പട്ടികയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിഡന്‍റുമാരെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്നിരുന്നാലും, ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ക്ക് പ്രധാന ഇരിപ്പിടങ്ങള്‍ നല്‍കുക എന്ന കീഴ്വഴക്കമാണുള്ളത്. ഇത് പാലിച്ച്, എല്ലാ പാര്‍ട്ടികളുടെയും പ്രസിഡന്‍റുമാര്‍ക്കൊപ്പം പ്രധാന്യമുള്ള സീറ്റാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് വിവരാവകാശ മറുപടി പറയുന്നു. രാഹുലിന് സുരക്ഷയൊരുക്കുന്ന എസ്.പി.ജി സംഘത്തിന്‍െറ നിര്‍ദ്ദേശം കണക്കിലെടുത്താണ് ആദ്യം അനുവദിച്ച അഞ്ചാം നിരയില്‍ നിന്ന് ആറിലേക്ക് മാറ്റിയത്.

യു.പി.എ ഭരണകാലത്ത് 2013 ലും 2014ലും ബി.ജെ.പി പ്രസിഡന്‍റിന് യഥാക്രമം 11, 10 നിരകളിലാണ് സീറ്റ് നല്‍കിയതെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായ്ക്കും യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിക്കും ഇത്തവണ ഒന്നാം നിരയിലാണ് ഇരിപ്പിടം അനുവദിച്ചത്.