കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും; സംസ്ഥാന കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍: പാര്‍ട്ടിയില്‍ ഇനി ഒറ്റ ശബ്ദം മാത്രമേയുള്ളൂവെന്ന് കോടിയേരി

single-img
25 February 2018

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഊഴം പൂര്‍ത്തിയാക്കിയ കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിക്കുകയായിരുന്നു.

സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാര്‍ട്ടിയുടെ പരിഗണനയിലില്ലായിരുന്നു. അതേസമയം, 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും ഒന്‍പതുപേരെ ഒഴിവാക്കിയും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

വി.വി. ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്നുള്ള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പാനലിന് രൂപം നല്‍കിയിരിക്കുന്നത്. ആകെ 87 അംഗങ്ങളാണു പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. പ്രായാധിക്യം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഒമ്പതു പേരെ ഒഴിവാക്കിയതെന്നാണ് സൂചന.

കാസര്‍ഗോഡ് നിന്ന് സിഎച്ച് കുഞ്ഞമ്പു, കണ്ണൂരില്‍ നിന്ന് എഎന്‍ ഷംസീര്‍, കോഴിക്കോട് നിന്ന് പിഎ മുഹമ്മദ് റിയാസ്, ഗിരിജാ സുരേന്ദ്രന്‍ (പാലക്കാട്), വയനാട്ടില്‍ നിന്ന് പുതിയ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മലപ്പുറത്തെ പുതിയ ജില്ല സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ്, ആലപ്പുഴയില്‍ നിന്ന് ആര്‍ നാസര്‍, കൊല്ലത്ത് നിന്ന് കെ സോമപ്രസാദ്, പാലക്കാട് നിന്ന് കെവി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് പുതിയ സംസ്ഥാനസമിതിയില്‍ ഇടംപിടിച്ചവര്‍.

കെ കുഞ്ഞിരാമന്‍, ടികെ ഹംസ, സികെ സദാശിവന്‍, പിരപ്പന്‍കോട് മുരളി തുടങ്ങിയവരാണ് ഒഴിവാക്കുന്നവരില്‍ പ്രമുഖര്‍. മുതിര്‍ന്ന നേതാക്കളായ വിഎസ്അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി, കെഎന്‍ രവീന്ദ്രനാഥ്, പികെ ഗുരുദാസന്‍, എംഎം ലോറന്‍സ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്.

അതേസമയം, നേരത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട എറണാകുളത്ത് നിന്നുള്ള നേതാവായ ഗോപി കോട്ടമുറിക്കല്‍ സംസ്ഥാനകമ്മിറ്റിയില്‍ തിരിച്ചെത്തിയെന്നത് പ്രത്യേകതയാണ്. വിഎസ് അച്യുതാനന്ദന്‍ പക്ഷക്കാരനായിരുന്ന കെ ചന്ദ്രന്‍പിള്ളയെ ഒഴിവാക്കിയാണ് ഗോപി കോട്ടമുറിക്കല്‍ സംസ്ഥാന കമ്മിറ്റിയില്‍ വീണ്ടും എത്തുന്നത്.

അതിനിടെ, സി.പി.എമ്മില്‍ ഇനി വ്യത്യസ്ത ശബ്ദങ്ങള്‍ ഇല്ലെന്നും ഒറ്റ ശബ്ദം മാത്രമേയുള്ളൂവെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശക്തിയും ഊര്‍ജവും കൂട്ടുന്ന സമ്മേളനമാണ് തൃശൂരില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും നേതാവിനൊപ്പമോ നേതാക്കന്മാര്‍ക്കൊപ്പമോ അല്ല പാര്‍ട്ടി. പാര്‍ട്ടിക്ക് കീഴിലാണ് നേതാക്കന്മാര്‍ നില്‍ക്കുന്നത്. ഈ സംസ്ഥാന സമ്മേളനം അവസാനിച്ചതോടെ വിഭാഗീയതയില്‍ മാറ്റം വന്നുവെന്നും കോടിയേരി പറഞ്ഞു. ‘ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്തും.

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ട്ടിക്കു സംവിധാനമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനും തീരുമാനമെടുത്തു. സമ്മേളനത്തിലെ യച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുപോലെയല്ല.

കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണു കേന്ദ്രകമ്മിറ്റി തീരുമാനം. അതാണു കേരളത്തില്‍ നടപ്പാക്കുന്നത്. കേരള കോണ്‍ഗ്രസുമായി ചേരണമെന്ന് സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല’ കോടിയേരി വ്യക്തമാക്കി.