മാര്‍ച്ച് 23 ന് 59 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ്; കാലാവധി അവസാനിക്കുന്നവരില്‍ സചിന്‍ ടെണ്ടുല്‍ക്കറും

single-img
24 February 2018


ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവരുന്ന 59 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന് നടക്കും. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ പത്തിലധികം സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ എന്‍.ഡി.എയുടെ സഭയിലെ അംഗബലം ഉയരും. എന്നാല്‍, സഭയിലെ ഭൂരിപക്ഷം കിട്ടാന്‍ മുന്നണി പിന്നെയും കാത്തിരിക്കണം.

കാലാവധി അവസാനിക്കുന്നവരില്‍ പ്രമുഖന്‍ സചിന്‍ ടെണ്ടുല്‍ക്കറാണ്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിവുവരുന്നത്. ബി.എസ്.പി അധ്യക്ഷ മായാവതി രാജിവച്ചൊഴിഞ്ഞ സീറ്റ് ഉള്‍പ്പെടെ 10 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ എം.പി. വീരേന്ദ്ര കുമാര്‍ രാജിവച്ച ഒഴിവിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

നാമനിര്‍ദ്ദേശത്തിലൂടെ സഭയിലെത്തിയവരില്‍ സചിനെ കൂടാതെ, നടി രേഖ, വ്യവസായി അനു ആഗ എന്നിവരും വിരമിക്കും. ഈ സീറ്റുകളിലേക്ക് ബി.ജെ.പിക്ക് പുതിയ അംഗങ്ങളെ നിര്‍ദ്ദേശിക്കാനാകും.