“മധുവിനെ കാട്ടില്‍ പോയി പിടിക്കാന്‍ നിര്‍ദ്ദേശിച്ചത് പൊലീസ്”?

single-img
24 February 2018


പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനും പങ്കെന്ന് ആരോപണം.അടുത്തിടെ താവളത്ത് ഒരു കട കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമല്ലാത്ത ഒരു രൂപം മാത്രമാണ് പതിഞ്ഞത്. ഇത് മധുവാണെന്ന് ആരോപിച്ച്‌ വ്യാപാരികള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ കാട്ടില്‍ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാനാണ് പൊലീസ് ഇവരോട് പറഞ്ഞതെന്നാണു ആരോപണം.തുടര്‍ന്നാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നും മധുവിനെ പിടികൂടുന്നതെന്നും അട്ടപ്പാടി പ്രദേശത്തുള്ളവര്‍ പറയുന്നു.

മധുവിന്റെ മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണു സൂചന. കസ്റ്റഡിയിലുള്ള 12 പേരെ അഗളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. അതേസമയം മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ സമരം അഗളി പൊലീസ് സ്റ്റേഷനു മുന്നില്‍ തുടരുകയാണ്. യുഡിഎഫും ബിജെപിയും മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.