പ്രശ്നം ഒതുക്കാന്‍ എഐവൈഎഫ് വന്‍തുക ആവശ്യപ്പെട്ടു;പ്രവാസി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി മകന്‍

single-img
24 February 2018

പത്തനാപുരം : ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തി മക്കളുമൊത്ത് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി നിര്‍മിച്ച താത്കാലിക ഷെഡില്‍ പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിനെതിരെ ഗുരുതര ആരോപണം. വര്‍ക്ക്‌ഷോപ്പ് തുടങ്ങാനിരുന്ന ഭുമിയില്‍ പാര്‍ട്ടിക്കാര്‍ കൊടികുത്തിയ മനോവിഷമത്തിലാണ് സുഗതന്‍ ജീവനൊടുക്കിയതെന്ന് മകന്‍ പറഞ്ഞു. പാര്‍ട്ടിക്കാരാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഇത് ഒതുക്കിത്തീര്‍ക്കാന്‍ എഐവൈഎഫ് വന്‍ തുകയാണ് ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് സുനില്‍ പറഞ്ഞു.

13 വര്‍ഷം മുമ്പാണ് ഈ ഭൂമി മണ്ണിട്ടുനികത്തിയത്. 2005 ല്‍ നികത്തിയ ഭൂമിയില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനു വേണ്ടി താത്‌ലകിമായി ഷെഡ് നിര്‍മ്മിച്ചതോടെ സി.പി.ഐ., എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കൊടികുത്തുകയായിരുന്നു. ഒരുകാരണവശാലും നിര്‍മ്മാണത്തിന് അനുവദിക്കില്ല. ഈ ഭൂമി വയലാണെന്ന നിലപാടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നിലപാടാണ് സിപിഐ പരസ്യമായി സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം അനധികൃതമായി വയല്‍ നികത്തിയതിനെ എതിര്‍ത്തിരുന്നു. അതു കാരണമാണ് സുഗതന്റെ ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സി.പി.ഐ. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേല്‍ പറയുന്നത്.

സംഭവത്തില്‍ സുനിലിന്റെയും മറ്റു ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.