കൈകള്‍ കെട്ടിയിട്ട് കുമ്മനം:മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി അധ്യക്ഷന്‍

single-img
24 February 2018

അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രങ്ങളാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മധുവിന്റെ കുടുംബത്തിനും ആദിവാസി സമൂഹത്തിനും നീതി ഉറപ്പാകും വരെ ബിജെപി ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അട്ടപ്പാടിയില്‍ നടന്ന കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കുമ്മനം ആദിവാസി സമൂഹം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ലെന്നും കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടിയില്‍ വനവാസി യുവാവ് മധു ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മധുവിന്റെ കുടുംബത്തിനും ആദിവാസി സമൂഹത്തിനും സാമൂഹ്യനീതി ഉറപ്പാക്കും വരെ ബിജെപി ഒപ്പമുണ്ടാകും. അട്ടപ്പാടിയിലെ ആദിവാസി സമൂഹം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും, ദുഃഖങ്ങള്‍ക്കും വാസ്തവത്തില്‍ ഇന്നോ, ഇന്നലെയോ ഉള്ള ചരിത്രമല്ല. കാലങ്ങളായി അവര്‍ അവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന ആവശ്യങ്ങള്‍ ഒന്നും തന്നെ നിര്‍വഹിക്കപ്പെട്ടിട്ടില്ല. മാറി മാറി വന്ന ഭരണ വര്‍ഗ്ഗം അതിനെ കണ്ടില്ലന്നു നടിക്കുകയാണ് ചെയ്തതെന്ന് കുമ്മനം പറഞ്ഞു.

അതേസമയം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. അറസ്റ്റ് എട്ട് പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊലപാതകം, കാട്ടില്‍ അതിക്രമിച്ച്‌ കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.