മുക്കാലിയില്‍ കൊണ്ടുവന്നതു ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തി;മധുവിനെ തല്ലിക്കൊല്ലാന്‍ ഒത്താശ ചെയ്തത് വനപാലകര്‍;ഗുരുതര ആരോപണങ്ങളുമായി കുടുംബം

single-img
24 February 2018

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് ശരിവച്ച്‌ കൂടുതല്‍ മൊഴികള്‍ പുറത്ത്. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചു.

പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഭക്ഷണം ഒരുക്കുമ്പോഴാണു മധുവിനെ പിടികൂടിയതെന്നു സഹോദരി ചന്ദ്രിക പറഞ്ഞു. മുക്കാലിയില്‍ കൊണ്ടുവന്നതു ഗുഹയില്‍ നിന്ന് നാലു കിലോമീറ്റര്‍ നടത്തിയാണ്. വഴിയില്‍ വച്ചു മര്‍ദിക്കുകയും വെളളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിക്കുകയും ചെയ്‌തെന്നും മധുവിന്റെ സഹോദരി പറഞ്ഞു.ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ക്രൂരപീഡനം നടന്നത്.

മധുവിന്റെ മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണു സൂചന. കസ്റ്റഡിയിലുള്ള 12 പേരെ അഗളി പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മന്ത്രി എ.കെ.ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് അട്ടപ്പാടിയിലെത്തും.