ഡി.വൈ.എഫ്.ഐ നേതാവിനെ പാര്‍ട്ടി ഡമ്മി പ്രതിയാക്കിയെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍;മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

single-img
24 February 2018

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഡി.വൈ.എഫ്.ഐ സെക്രട്ടറിയായിരുന്ന അന്തരിച്ച ചന്ദ്രമോഹനെ പാര്‍ട്ടി ഡമ്മി പ്രതിയാക്കിയിരുന്നതായി ഭാര്യയുടെ വെളിപ്പെടുത്തല്‍. ചന്ദ്രമോഹന്‍െറ മരണത്തില്‍ ദുരൂഹതയുള്ളതായി ഭാര്യ സൂര്യ ആരോപിച്ചു. കാട്ടാക്കടയില്‍ ഉണ്ടായ എസ്.ഡി.പി.ഐ-സി.പി.എം സംഘര്‍ഷത്തിലാണ് ചന്ദ്രമോഹനെ പാര്‍ട്ടി പ്രതിയാക്കി അയച്ചതെന്ന് സൂര്യ പറയുന്നു. പാര്‍ട്ടിക്ക് വേണ്ടിയാണ് ജയിലില്‍ പോകുന്നതെന്ന് ചന്ദ്രമോഹന്‍ പറഞ്ഞതായി അവര്‍ വ്യക്തമാക്കി. പാര്‍ട്ടി അണികള്‍ മാത്രമല്ല, നേതാക്കളും ശിക്ഷ അനുഭവിക്കണമെന്ന് കമ്മിറ്റി തീരുമാനമെടുത്തതിന്‍െറ ഭാഗമായിരുന്നു ഇത് എന്നാണ് ആരോപണം.

റിമാന്‍ഡില്‍ ആയിരുന്ന ചന്ദ്രമോഹന്‍ ജയിലില്‍ നിന്നിറങ്ങിയതിന്‍െറ പിറ്റേന്ന് ഡിസംബര്‍ മൂന്നിന് വാഹനാപകടത്തില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് മാരകമായി മുറിവേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും പാര്‍ട്ടി തയാറായില്ലെന്നും സൂര്യ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയതായും കുടുംബം അറിയിച്ചു