ഷുഹൈബ് വധക്കേസില്‍ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു; സംശയം നീങ്ങിയെന്ന് കെ.സുധാകരന്‍

single-img
23 February 2018


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നീ പ്രതികളെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. ഷുഹൈബിനൊപ്പം ഉണ്ടായിരുന്ന ആക്രമണത്തില്‍ പരിക്കേറ്റ നൗഷാദ്, റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്. സ്വകാര്യത മാനിച്ച് മൂന്നാമത്തെ സാക്ഷിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പിടിയിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണോ എന്ന കാര്യത്തില്‍ നേരത്തെ നൗഷാദ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് മാറിയതോടെ ഡമ്മി പ്രതികളാണെന്ന ആരോപണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പിന്മാറി. സാക്ഷികളുടെ മൊഴി അംഗീകരിക്കുന്നെന്ന് പറഞ്ഞ സുധാകരന്‍ സംശയം നീങ്ങിയതായും വ്യക്തമാക്കി. അതേസമയം, സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും സുധാകരന്‍ അറിയിച്ചു. യഥാര്‍ഥ പ്രതികളെ പിടികൂടണം, അന്വേഷണം സി.ബി.ഐയ്ക്ക് വിടണം എന്നീ ആവശ്യങ്ങളുയര്‍ത്തി സുധാകരന്‍ അഞ്ചു ദിവസമായി നിരാഹാര സമരത്തിലാണ്.