അയാളും ബാങ്ക് തട്ടിപ്പുകാരെപ്പോലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ ചേര്‍ന്നോ?: ബാങ്ക് തട്ടിപ്പുകാരെ ട്രോളി സുപ്രീംകോടതി

single-img
23 February 2018

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ പ്രതികളെ ‘ട്രോളി’ സുപ്രീംകോടതി. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഈ ട്രോളല്‍. ബെംഗളൂരുവിലെ ഒരു ടെക്കിയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, സഞ്ജയ് കെ. കൗള്‍ എന്നിവരാണ് ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയവരെക്കുറിച്ച് രസകരമായ പരാമര്‍ശം നടത്തിയത്.

വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു യുവതി നല്‍കിയ കേസിലാണ് ബെംഗളൂരു സ്വദേശിയായ ഐടി പ്രഫഷണല്‍ മുന്‍കൂര്‍ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്. ഐടി ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എവിടെയാണെന്ന് കോടതി ഇയാളുടെ അഭിഭാഷകനോട് ചോദിച്ചു.

ഫിന്‍ലന്‍ഡിലാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഈ സമയത്തായിരുന്നു കോടതിയുടെ ട്രോളല്‍. അയാളും ബാങ്ക് തട്ടിപ്പുകാരെപ്പോലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ ചേര്‍ന്നോയെന്നായിരുന്നു കോടതി ചോദ്യം. എന്നാല്‍ തന്റെ കക്ഷി എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്തുമെന്നും പോലീസുമായി സഹകരിക്കാന്‍ എല്ലായ്‌പ്പോഴും തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.