രാജസ്ഥാന്‍ സെക്രട്ടേറിയറ്റില്‍ പ്രേതബാധയെന്ന് പരാതി: ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്ന് എംഎല്‍എമാര്‍

single-img
23 February 2018


ജയ്പുര്‍: സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്നും ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്നും രാജസ്ഥാന്‍ എംഎല്‍എമാരുടെ പരാതി. രണ്ട് എംഎല്‍എമാരുടെ അകാല മരണത്തെത്തുടര്‍ന്നാണ് മറ്റ് എംഎല്‍എമാര്‍ പ്രേതബാധ ആരോപിക്കുന്നത്.

നഥ്ഡ്വാര എംഎല്‍എ കല്യാണ്‍ സിങും മംഗളഗഢ് എംഎല്‍എ കീര്‍ത്തി കുമാരിയുമാണ് അടുത്തടുത്ത് മരിച്ചത്. സെക്രട്ടേറിയറ്റ് മന്ദിരം നില്‍ക്കുന്ന സ്ഥലം മുമ്പ് ശ്മശാനമായിരുന്നുവെന്നും ഗതികിട്ടാത്ത ആത്മാക്കള്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടാവുമെന്നുമാണ് എംഎല്‍എമാരുടെ ഭയം.

2001 ലാണ് ഇവിടെ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മിച്ചത്. ഇതിന് സമീപത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. ആ സ്ഥലവും സെക്രട്ടേറിയറ്റ് മന്ദിരത്തിനായി ഏറ്റെടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ എംഎല്‍മാരെ ഭയപ്പെടുത്തുന്നത്. ആത്മാക്കളെ ഒഴിപ്പിക്കാന്‍ യാഗവും പൂജയും മറ്റ് ഒഴിപ്പിക്കല്‍ ചടങ്ങുകളും നടത്തണമെന്ന് മുഖ്യമന്ത്രിയോടും സ്പീക്കറോടും ആവശ്യപ്പെട്ടതായി ചീഫ് വിപ്പ് ഗുര്‍ജാര്‍ അറിയിച്ചു.