വാര്‍ത്തകളില്‍ നിറയുന്ന മുടക്കോഴിമലയും മുഴക്കുന്ന് സ്റ്റേഷനും

single-img
23 February 2018

കണ്ണൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയും മുഴക്കുന്ന് പോലീസ് സ്‌റ്റേഷനും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെത്തുടര്‍ന്നാണ് സി.പി.എമ്മിന്റ ശക്തികേന്ദ്രം ചര്‍ച്ചയാവുന്നത്.

ശുഹൈബ് വധക്കേസിലെ പ്രതികള്‍ കീഴടങ്ങിയതു മുതല്‍ ക്രമസമാധാന പാലനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന എസ്‌ഐ പി.രാജേഷ് അവധിയില്‍ പോയതോടെയാണ് മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ ചര്‍ച്ചയായത്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുടക്കോഴി മലയിലാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു.

മുമ്പ് ഇവിടെ നിന്നാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികളായ കൊടി സുനിയുള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പിയായ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളെ അതിരിടുന്നതാണ് മുടക്കോഴിമലയും പെരിങ്ങാനം മലയും.

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുള്ളതിനാല്‍ പ്രതികള്‍ക്ക് യഥേഷ്ടം ഇവിടെ താമസിക്കാനും വിഹരിക്കാനും കഴിയും. ശുഹൈബ് വധത്തില്‍ പ്രതികളെ തേടി ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പോലീസ് മല വളഞ്ഞുവെങ്കിലും പ്രതികള്‍ക്ക് പോലീസിലെ ചിലര്‍ വിവരം ചോര്‍ത്തിയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

സിപിഎം-ആര്‍എസ്എസ്, സിപിഎം-ലീഗ്, സിപിഎം-എസ്ഡിപിഐ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അരങ്ങേറുന്ന ഇവിടെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കാക്കയങ്ങാട് ആസ്ഥാനമായി പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചിരുന്നു.

നിലവിലുള്ള പ്രിന്‍സിപ്പല്‍ എസ്‌ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ മുഖം നോക്കാതെ നടപടിയെടുത്ത് തുടങ്ങിയതോടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞിരുന്നെങ്കിലും ബോംബ് ഉള്‍പ്പെടെയുള്ള ആയുധ ശേഖരത്തിന് കുറവ് വന്നിട്ടില്ല.

കഴിഞ്ഞ ഒരുമാസത്തിനിടിയില്‍ മൂന്ന് തവണ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ബോംബും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഭരണകക്ഷിയുടെ ഇടപെടല്‍മൂലം പോലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്ന പരാതി മുഴക്കുന്ന് പോലീസിനുണ്ട്.