അശ്ലീല സന്ദേശങ്ങള്‍ അയച്ച് നടിയെ അപമാനിക്കാന്‍ ശ്രമം; രാഷ്ട്രീയ നേതാവിനെതിരെ പരാതി

single-img
23 February 2018

അശ്ലീല സന്ദേശങ്ങള്‍ അയച്ച് നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാവിനെതിരെ പരാതി. അശ്ലീല സന്ദേശങ്ങള്‍ക്ക് പുറമെ വേശ്യയെന്ന് കൂടി വിളിച്ച് അപമാനിച്ചതോടെയാണ് 27കാരിയായ നടി പൊലീസിനെ സമീപിച്ചത്. മറ്റൊരു സ്ത്രീയെ അപമാനിച്ചതിന് കഴിഞ്ഞ ആഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിശ്വനാഥ് ഷെട്ടിയാണ് ഈ കേസിലും പ്രതി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഷെട്ടി. അംബോലി, ഓഷിവാര പൊലീസ് സ്റ്റേഷനുകളിലാണ് ഈ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ധേരി വെസ്റ്റിലുള്ള ജിമ്മില്‍ വെച്ചുള്ള പരിചയമാണ് നടിക്ക് ഷെട്ടിയെ. ഓരോ കാരണങ്ങള്‍ പറഞ്ഞ് ഷെട്ടി പലപ്പോഴും നടിക്ക് ഫോണ്‍ ചെയ്യുമായിരുന്നു.

വിളിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ശല്യം തുടര്‍ന്നു. ജനുവരി 29ന് ഷെട്ടി യുവതിയെ തുടര്‍ച്ചയായി ഫോണിലും, വാട്‌സ്ആപ്പിലും വിളിച്ച് കൊണ്ടിരുന്നു. എന്തിനാണ് തന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നതെന്ന് യുവതി മെസേജ് അയച്ചപ്പോഴാണ് ഇയാള്‍ വേശ്യയെന്ന് വിളിച്ച് പ്രതികരിച്ചത്.

കുടുംബവും, സുഹൃത്തുക്കളുമായി ആലോചിച്ച ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഷെട്ടി അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും നടി ഹാജരാക്കി.

ഷെട്ടിക്കെതിരെ സമാനമായ പരാതിയുമായി മറ്റൊരു നടിയും പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഗേള്‍ഫ്രണ്ട് ആകാന്‍ ആവശ്യപ്പെട്ടാണ് ശല്യപ്പെടുത്തല്‍. നിരാകരിച്ചതോടെ ഇവരെയും വേശ്യയെന്ന് വിളിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച യുവതിയെ ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.