അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ പാട്ട്; ലാലേട്ടനെ കുറിച്ചുള്ള പാട്ടുപാടി താരമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

single-img
23 February 2018

മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘മോഹന്‍ലാല്‍’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസറിലെ പാട്ടും പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ അത് പാടിയ കുട്ടി ആരാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു.

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥനയാണ് ആ ശബ്ദത്തിനുടമ. അച്ഛന്‍ നായകനായെത്തുന്ന ചിത്രത്തില്‍ മകളുടെ പാട്ട്. ‘ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര്’ എന്ന തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ നേഞ്ചേറ്റി. തന്റെ സിനിമയ്ക്ക് വേണ്ടി മകള്‍ പാടിയതില്‍ സന്തോഷമുണ്ടെന്ന് ഇന്ദ്രജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

ലുലുമാളില്‍ നടന്ന ടീസര്‍ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രാര്‍ത്ഥനയുടെ ഗാനത്തിന് ലഭിച്ച സ്വീകാര്യതയില്‍ അതീവ സന്തുഷ്ടരാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. ഫെയ്‌സ്ബുക്കിലൂടെ ഇരുവരും ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റ കടുത്ത ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സേതുമാധവന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സാജിദ് യാഹിയയാണ് സംവിധാനം.