ഭദ്രന്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറി

single-img
23 February 2018


ഉടയോന് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ലോറി ഡ്രൈവറുടെ വേഷത്തിലാകും സൂപ്പര്‍സ്റ്റാര്‍ മോഹല്‍ലാല്‍ അഭിനയിക്കുക എന്നതായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നിര്‍മ്മാതാവായ എം. കെ നാസര്‍ പിന്‍മാറിയതോടെ ചിത്രം പ്രതിസന്ധിയിലായി എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഈ ചിത്രത്തിനായി നല്‍കിയിരുന്ന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോഷി ചിത്രമായ വയനാടന്‍ തമ്പാനില്‍ അഭിനയിക്കുമെന്നും സൂചനകളുണ്ട്.

പക്ഷേ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന വയനാടന്‍ തമ്പാന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതിനുസരിച്ച് മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളു. പൃഥ്വിരാജ് മുരളീഗോപി ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുകയാണ്.

ഇതോടൊപ്പം രഞ്ജിത്തിന്റെ ബിലാത്തിക്കഥയും മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എം.ടി വാസുദേവന്‍നായര്‍ തിരക്കഥയൊരുക്കുന്ന ചിത്രം അടുത്ത വര്‍ഷം മാത്രമേ ആരംഭിക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.