ബാര്‍കോഴ: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
23 February 2018

ബാര്‍കോഴകേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ആര്‍.ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനമെടുത്തത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് വിജിലന്‍സിന് താല്‍പ്പര്യം ഇല്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നോബിള്‍ മാത്യു സുപ്രീം കോടതിയെ സമീപിച്ചത്.

വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പരാതിയുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹര്‍ജി തള്ളിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കെഎം മാണി പ്രതികരിച്ചു. വിധി ആശ്വാസകരമാണെന്നും മാണി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് നോബിള്‍ മാത്യു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നോബിള്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് നോബിള്‍ മാത്യുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇതേതുടര്‍ന്നാണ് നോബിള്‍ മാത്യു സുപ്രിംകോടതിയെ സമീപിച്ചത്.