അട്ടപ്പാടിയിലെ ‘ആള്‍ക്കൂട്ട കൊലപാതകത്തെ നിസാരവത്ക്കരിച്ച് കേരളത്തിലെ മാധ്യമങ്ങള്‍: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളുന്നു

single-img
23 February 2018

കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാടത്തം പോലെ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അട്ടപ്പാടിയിലും ഉണ്ടായത്.

ഇന്നലെ വൈകുന്നേരമാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധു മരിച്ചത്. എന്നാല്‍ കേരളത്തിലെ മലയാള മാധ്യമങ്ങള്‍ ഇത് വേണ്ട വിധം വാര്‍ത്തയാക്കിയില്ല. ഉത്തരേന്ത്യയില്‍ ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങളെ ഒന്നാം പേജ് വാര്‍ത്തയാക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ കൊലപാതകത്തെ നിസാരവല്‍ക്കരിക്കുകയാണ് ചെയ്തത്.

മോഷണശ്രമമെന്നാരോപിച്ച് പൊലീസില്‍ ഏല്‍പ്പിച്ച പ്രതി മരിച്ചു എന്നായിരുന്നു പ്രധാന മാധ്യമങ്ങളെല്ലാം വാര്‍ത്ത നല്‍കിയത്. എന്നാല്‍ മധുവിനെ പിടികൂടി കെട്ടിയിട്ടതിന്റെയും മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ സെല്‍ഫിയെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പ്രതിഷേധം ശക്തമായി.

സംഭവം നടന്ന് ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം വന്‍ പ്രതിഷേധം ഇരമ്പുകയാണ്. അയാളെ കൊല്ലേണ്ടിയിരുന്നില്ലെന്നും പട്ടിണി കിടന്ന് മരിച്ചോളുമായിരുന്നു എന്നും ചിലര്‍ പറയുന്നു. ഒരു നേരത്തെ ഭക്ഷണമെങ്കിലും വയറുനിറയെ കൊടുത്തിട്ട് അവനെ കൊല്ലാമായിരുന്നില്ലേ നിങ്ങള്‍ക്ക്? എന്നും ചിലര്‍ പറയുന്നു.

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതികരണമാണ് മധുവിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടിയില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനും വിവിധ ഗ്രൂപ്പുകളില്‍ ആഹ്വാനങ്ങളുണ്ട്.

അരിയും മുളകും മോഷ്ടിച്ചെന്നാരോപിച്ചാണു നാട്ടുകാര്‍ മനോരോഗ ലക്ഷണമുള്ള മധുവിനെ പിടികൂടിയത്. മുക്കാലിയിലെ വനാതിര്‍ത്തിയില്‍ പാറക്കെട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന മധുവിനെ ഉടുതുണികൊണ്ടു കൈകള്‍ കെട്ടി ചോദ്യം ചെയ്തു. ചിലര്‍ മര്‍ദിച്ചതായാണു വിവരം.

പിന്നീടു മുക്കാലി ജംഗ്ഷനില്‍ പരസ്യ വിചാരണയും നടത്തി. നാട്ടുകാര്‍ മധുവിനെ പൊലീസിനു കൈമാറിയ ശേഷം അഗളിയിലേക്കു പോകവേ മധു പൊലീസ് വാഹനത്തില്‍ ഛര്‍ദിച്ചു. ആശുപത്രിയിലെത്തും മുന്‍പേ മരിച്ചിരുന്നു. കള്ളനെ പിടികൂടിയെന്ന വാക്കുകളോടെയാണു ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തായത്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുവെന്നാണു അഗളി പൊലീസിന്റെ ഭാഷ്യം. മരണം കൊലപാതകമാണെന്ന പ്രചാരണം ശക്തമായതോടെ മധുവിനെ പിടികൂടിയവര്‍ ഒളിവിലായെന്നാണു സൂചന. നാളുകളായി പ്രദേശത്തെ കടകളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നതു പതിവാണെന്നു പരാതിയുണ്ടായിരുന്നു. കടകളിലെ സിസിടിവി ദൃശ്യത്തില്‍ നിന്നു ലഭിച്ച മോഷ്ടാവിന്റെ ദൃശ്യത്തോടു സാദൃശ്യമുള്ളതിനെ തുടര്‍ന്നാണു മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തത്.

സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കൊല്ലപ്പെട്ട മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ മധുവിനെ മര്‍ദ്ദിച്ച് കൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തന്റെ മകനെ കൊന്നത് നാട്ടുകാരാണെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരാണ് മകനെ തല്ലിക്കൊന്നത്. പ്രദേശത്തെ ഡ്രൈവര്‍മാരടക്കമുള്ളവരാണ് മര്‍ദ്ദിച്ചത്. മകനെ തല്ലിക്കൊന്ന കുറ്റവാളികളെ പിടിക്കണം. അവന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അവന്‍ മോഷ്ടിക്കില്ലെന്നും അമ്മ പറഞ്ഞു.