‘‘സെല്‍ഫ് ഗോള്‍ അടിക്കരുത്’’; മാണി വേദിയിലിരിക്കവേ സി.പി.എമ്മിന് കാനത്തിന്‍െറ മുന്നറിയിപ്പ്

single-img
23 February 2018


തൃശൂര്‍: സി.പി.ഐ.(എം) വേദിയില്‍ കെ.എം മാണിയെ ഇരുത്തി കാനം രാജേന്ദ്രന്‍െറ രൂക്ഷ വിമര്‍ശനം. സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ആയിരുന്നു വേദി.

‘‘ ആധുനിക കാലഘട്ടത്തില്‍ സുതാര്യമായ ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന ജനതയാണുള്ളത്. അവര്‍ നമ്മളെ വീക്ഷിക്കുന്നുണ്ട്. നിലപാടുകള്‍ ശ്രദ്ധിക്കുന്നുണ്ട്. ഈ ബോധ്യം നമുക്ക് വേണം. അതിനാല്‍ നിലവില്‍ എല്‍.ഡി.എഫിന് എന്തെങ്കിലും ദൗര്‍ബല്യമുണ്ട് എന്ന ധാരണ ജനങ്ങള്‍ക്ക് നല്‍കരുത്. ധൈര്യമായി സാഹചര്യങ്ങളെ നേരിട്ട് മുന്നോട്ട് പോകാന്‍ ജനങ്ങളുടെ പിന്തുണ എല്‍.ഡി.എഫിന് ഉണ്ടാകും. അതിനാല്‍, സെല്‍ഫ് ഗോള്‍ അടിക്കരുത്.’’-കാനം പറഞ്ഞു. നിലവില്‍ വലിയ സാധ്യതയുള്ള എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ കുറുക്കുവഴികള്‍ ആവശ്യമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. വോട്ട് ബാങ്ക് എന്ന ലക്ഷ്യത്തിന് പിറകെ പോകാതെ മനുഷ്യ നന്മയാകണം എല്‍.ഡി.എഫിന്‍െറ ലക്ഷ്യമെന്ന് കാനം പറഞ്ഞു. ന്യൂനപക്ഷത്തിന് സഹായമൊരുക്കുന്നത് എല്‍.ഡി.എഫ് മാത്രമാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞ കാനം, ഉപതെരഞ്ഞെടുപ്പുകളില്‍ മുന്നണിക്ക് മെച്ചമുണ്ടാകുന്നത് ജനത്തിന്‍െറ അംഗീകാരത്തിന്‍െറ അടയാളമാണെന്നും ചൂണ്ടിക്കാട്ടി.

കേരള കോണ്‍ഗ്രസ്(എം) ന്‍െറ എല്‍.ഡി.എഫ് പ്രവേശനം മുന്നണിയില്‍ സി.പി.ഐയുടെ കടുത്ത എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് മാണിയും കാനവും വേദി പങ്കിട്ടത്. കാനം നിലപാടിലുറച്ച് സി.പി.എമ്മിന് മുന്നറിയിപ്പുകള്‍ നല്‍കിയപ്പോള്‍, രാഷ്ട്രീം പറയാതെയായിരുന്നു മാണിയുടെ പ്രസംഗം.