ഖാലിസ്ഥാന്‍ തീവ്രവാദി കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ വിരുന്നില്‍; ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി

single-img
23 February 2018


ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ഇന്ത്യയിലെത്തിയത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യു പങ്കെടുത്ത വിരുന്നില്‍ ജസ്പാല്‍ അട്വാല്‍ എന്ന കുറ്റവാളി പങ്കെടുത്തതാണ് വിവാദമായിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാളുടെ പേര് കരിമ്പട്ടികയില്‍ ഇല്ല എന്ന് കണ്ടെത്തി.

1986ല്‍ പഞ്ചാബ് മന്ത്രിയായിരുന്ന മല്‍കിയത്ത് സിങ് സിദ്ധുവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്പാലിന് എങ്ങനെ വിസ കിട്ടി എന്ന കാര്യം പരിശോധിച്ച് വരികയാണ്. ജസ്പാല്‍ അട്വാലിന്‍െറ പേര് ആഭ്യന്തര മന്ത്രാലയത്തിന്‍െറ രഹസ്യ കരിമ്പട്ടികയില്‍ നിന്ന് എപ്പോള്‍ നീക്കം ചെയ്തു എന്നതും അന്വേഷിക്കുകയാണ്.

ഖാലിസ്ഥാന്‍ പ്രവര്‍ത്തനങ്ങളോട് അനുഭാവം പുലര്‍ത്തിയതിന്‍െറ പേരില്‍ പോലും നിരവധി പേരെ കരിമ്പട്ടകയില്‍ പെടുത്തിയിരുന്നു. ഇത്കാരണം വിസ പ്രശ്നം നേരിട്ടവരുടെയും മറ്റും അഭ്യര്‍ഥനകളെ തുടര്‍ന്ന് വിവിധകാലങ്ങളിലായി കുറച്ച്പേരെ ഒഴിവാക്കിയിരുന്നു. എന്നാല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തവരുടെ പേര് കരിമ്പട്ടികയില്‍ ചേര്‍ക്കാതിരിക്കുന്നതോ ഒഴിവാക്കുന്നതോ വലിയ വീഴ്ചയായാണ് കണക്കാക്കുന്നത്. ജസ്പാല്‍ അട്വാല്‍ പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയത് കനേഡിയന്‍ സംഘത്തിന് നാണക്കേടായിരിക്കുകയാണ്. ജസ്പാലിന് ക്ഷണം ലഭിച്ചത് തങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിശകാണെന്ന് കാനഡ വ്യക്തമാക്കി.