ഇന്ത്യക്കാര്‍ക്ക് വീണ്ടും തിരിച്ചടി: അമേരിക്ക എച്ച്–1 ബി വീസ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി

single-img
23 February 2018

വിദഗ്ധ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയായ എച്ച്–1 ബി വീസ നടപടിക്രമങ്ങള്‍ അമേരിക്ക കൂടുതല്‍ കര്‍ശനമാക്കുന്നു. മാതൃകമ്പനിയില്‍നിന്ന് മറ്റു കമ്പനികളിലേക്ക് ജോലിയാവശ്യത്തിനായി പോകുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന വീസയ്ക്കുള്ള നടപടി ക്രമങ്ങളാണ് കര്‍ശനമാക്കിയത്.

ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണു വീസ അനുവദിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ കമ്പനികളെയും ജീവനക്കാരെയും ബാധിക്കുന്ന തരത്തിലാണ് മാറ്റം.

ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് എന്തിനാണ് വിടുന്നതെന്നുള്ള വിശദീകരണം കമ്പനി തന്നെ നല്‍കണം. ഒപ്പം ജോലിയില്‍ ഇയാള്‍ക്കുള്ള നൈപുണ്യവും വ്യക്തമാക്കണം. തുടര്‍ന്ന് അവര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അത്രയും കാലത്തേക്കു മാത്രമുള്ള വീസ അനുവദിക്കാമെന്ന് ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അമേരിക്കയിലെ ബാങ്കിങ്, സഞ്ചാര, കൊമേഴ്‌സ്യല്‍ സര്‍വീസ് വിഭാഗങ്ങളിലായി ഒട്ടേറെ ഇന്ത്യക്കാരാണ് എച്ച്–1 ബി വീസയില്‍ ജോലി ചെയ്യുന്നത്. യോഗ്യതയുള്ള അമേരിക്കന്‍ പൗരന്മാരുടെ കുറവാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഡപ്യൂട്ടേഷന്റെ ഭാഗമായി ഇതര കമ്പനികളിലേക്കു പോകുന്നവര്‍ക്ക് മൂന്നു വര്‍ഷത്തില്‍ താഴെ മാത്രമേ വീസ നല്‍കൂവെന്നും വ്യവസ്ഥയില്‍ പറയുന്നു.