പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടു: സ്വയം വിമര്‍ശനവുമായി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

single-img
23 February 2018

തൃശൂര്‍: പാവങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണെന്ന് സിപിഎം സംസ്ഥാനസമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കൂടെയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്നതനുസരിച്ച് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഗുണനിലവാരം അത്രയ്ക്ക് വര്‍ധിക്കുന്നില്ല.

സിപിഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബിജെപിയുടെ സ്വാധീനം വന്‍തോതില്‍ വര്‍ധിച്ചുവരുന്നത് ഭീഷണിയാണ്. മതനിരപേക്ഷ പ്രചാരണവും ഒപ്പം തന്നെ ശാസ്ത്ര സാങ്കേതിക വിദ്യ അടക്കമുള്ള കാര്യങ്ങള്‍ പ്രചരിപ്പിച്ചും വര്‍ഗ സമരങ്ങള്‍ സംഘടിപ്പിച്ചും ബിജെപിയുടെ സ്വാധിനം ചെറുക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

എല്‍ഡിഎഫില്‍ സിപിഎം കഴിഞ്ഞാല്‍ സംസ്ഥാനമാകെ സ്വാധീനമുള്ള പാര്‍ട്ടി സിപിഐ ആണ്. മറ്റുപാര്‍ട്ടികള്‍ക്കെല്ലാം അവരുടെ സ്വാധീനം ചില കേന്ദ്രങ്ങളില്‍ മാത്രമാണ്. അതുകൊണ്ട് മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തിയേ മതിയാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയുടെ നേതൃതലത്തില്‍ നിന്നു തുടങ്ങി പാര്‍ലമെന്ററി വ്യാമോഹം കീഴ്ഘടകങ്ങളിലേക്കു പടരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നു. അതുവരെ പാര്‍ട്ടി നല്‍കിയ അംഗീകാരവും സഹായവുമെല്ലാം വിസ്മരിച്ചു കൊണ്ടാണിത്.

പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ കാണിക്കുന്ന വ്യക്തിപരമായ ആഗ്രഹങ്ങളും ഇടപെടലുകളും സംഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതില്‍ വരെ എത്തുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായ ഇത്തരം സംഭവങ്ങള്‍ താഴോട്ട് കിനിഞ്ഞിറങ്ങി. അതിന്റെ ദൂഷ്യങ്ങള്‍ ചില പ്രദേശങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അതേസമയം സിപിഎം സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പ്ലീനം രേഖ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ പറഞ്ഞു. ചില നേതാക്കള്‍ക്ക് പ്ലീനം രേഖ ബാധകമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് കൃഷ്ണനോട് ചോദിച്ച പേലെ എന്തിനീ കൊലപാതകങ്ങളെന്ന് കൊല്ലത്ത് നിന്നുള്ള അംഗം പി കെ ഗോപന്‍ ചോദിച്ചു.