റോട്ടോമാക് ഉടമ വിക്രം കോത്താരിയും മകനും അറസ്റ്റില്‍

single-img
23 February 2018


ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ് കേസില്‍ റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയെയും മകന്‍ രാഹുലിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഏഴ് ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 3,695 കോടി രൂപ വായ്പ എടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തി എന്നതാണ് കേസ്. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിലാണ് സി.ബി.ഐ കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ, രാജ്യം വിടാതിരിക്കാന്‍ ഇരുവരുടെയും പേരില്‍ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ചോദ്യം ചെയ്യലിനോട് ഇരുവരും സഹകരിക്കാന്‍ തയ്യാറായില്ലെന്ന് സി.ബി.ഐ വക്താവ് അഭിഷേക് ദയാല്‍ അറിയിച്ചു. രാജ്യത്തുള്ള തന്നെ ശ്രദ്ധിക്കാതെ നാടുവിട്ട നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും പിടിക്കാനാണ് വിക്രം കോത്താരി പറഞ്ഞതെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കടം അടച്ചുതീര്‍ക്കാന്‍ പണം സമ്പാദിക്കാനായി തന്നെ വെറുതെ വിടാനും 70കാരന്‍ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ കുഴയ്ക്കാന്‍ തന്‍െറ വിജയകഥകള്‍ പറയുക എന്ന തന്ത്രമാണ് ഇദ്ദേഹം സ്വീകരിച്ചതെന്നും സി.ബി.ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കോത്താരിയുടെ പ്രായം കാരണം ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനും കഴിയാത്ത സ്ഥിതിയായിരുന്നു. തനിക്ക് ഹൃദ്രോഗമാണെന്ന മുന്നറിയിപ്പും കോത്താരി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.