അട്ടപ്പാടിയിലെ ‘ആള്‍ക്കൂട്ട കൊലപാതകം’: മൂന്ന് പേര്‍ കസ്റ്റഡിയില്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

single-img
23 February 2018

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. കൊല്ലപ്പെട്ട മധുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ മധുവിനെ മര്‍ദ്ദിച്ച് കൊന്നവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തന്റെ മകനെ കൊന്നത് നാട്ടുകാരാണെന്ന് കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരാണ് മകനെ തല്ലിക്കൊന്നത്. പ്രദേശത്തെ ഡ്രൈവര്‍മാരടക്കമുള്ളവരാണ് മര്‍ദ്ദിച്ചത്.

മകനെ തല്ലിക്കൊന്ന കുറ്റവാളികളെ പിടിക്കണം. അവന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അവന്‍ മോഷ്ടിക്കില്ലെന്നും അമ്മ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധു മരിച്ചത്.

ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. അട്ടപ്പാടി മുക്കാലിയിലായിരുന്നു സംഭവം. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായി ആരോപണമുണ്ട്.

ഏറെക്കാലമായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും ഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. എന്നാല്‍ പൊലീസ് വാഹനത്തില്‍ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദ്ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.